തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവും.വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ യല്ലോ അലര്‍ട്ടാണ്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴപെയ്യുക. അതുകൊണ്ട് തന്നെ മണ്ണിടിച്ചിലിന് സാധ്യതയുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.
ആളുകളോട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്നാണ് അറിയിച്ചത്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം. എന്നാല്‍, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധത്തിന് തടസമില്ല. പടിഞ്ഞാറന്‍ അട്ടപ്പാടിയിലും സൈലന്റ് വാലിയിലും കനത്ത മഴയാണ്.
മണ്ണാര്‍ക്കാട് ആനക്കട്ടി റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ തകര്‍ന്നുവീണു. അഗളി ചെമ്മണ്ണൂര്‍ ക്ഷേത്രപരിസരത്ത് വീടിനു മുകളിലേക്ക് മരം വീണു. മലപ്പുറം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. നാടുകാണിച്ചുരം വഴിയുള്ള യാത്ര ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം അറിയിച്ചു. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം.