കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. വില്യാപ്പള്ളി കല്ലേരി സ്വദേശി താഴെ കോലോത്ത് സജീവന്(42) ആണ് വ്യാഴാഴ്ച രാത്രി സ്റ്റേഷന് മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീന്‍കുട്ടി വടകരയിലെത്തി അന്വേഷണം തുടങ്ങി. സ്റ്റേഷനില്‍ സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സജീവനെ കസ്റ്റഡിയില്‍ എടുത്തത്. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി തട്ടിയിരുന്നതായി പറയുന്നു.
ഇതിനെചൊല്ലി അടയ്ക്കാതെരുവില്‍ വെച്ച് ഇരുവിഭാഗവും തമ്മില്‍ സംസാരമുണ്ടായി. പ്രശ്നം അറിഞ്ഞെത്തിയ പൊലീസ് സജീവനോടും മറ്റും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മദ്യപിച്ചെന്ന കാരണം പറഞ്ഞ് എസ്.ഐ സജീവനെ മര്‍ദിച്ചതായി പറയുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട സജീവന് ചികിത്സ നല്കാന് തയാറായില്ല. സ്റ്റേഷന് മുറ്റത്ത് കുഴഞ്ഞുവീണ ഇയാളെ ഓട്ടോക്കാരാണ് ആശുപത്രയില്‍ എത്തിച്ചത്.
സജീവന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കിലും അക്കാര്യം പൊലീസ് രഹസ്യമായി വെക്കുകയാണ്. സജീവന്റെ സുഹൃത്തുക്കളായ കണ്ണാടികയില് ജുബൈര്‍ ഉമ്മര്‍(32), കുനിയില്‍ ഷംനാദ്(26), സജീവനെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോഡ്രൈവര്‍ രൂപേഷ്, പരിശോധിച്ച വടകര സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് മൊഴി എടുത്തിരുന്നു.