മലപ്പുറം: കൃത്യവും വസ്തുനിഷ്ഠവുമായ ചരിത്ര പഠന- ഗവേഷണത്തിനും ഗ്രന്ഥരചനകൾക്കും ലോക മുസ്‌ലിംകൾ നൽകീട്ടുള്ള സംഭാവനകൾ നിസ്തുലവും അതിശയകരവുമാണെന്ന് മഞ്ചേരി ദാറുസ്സുന്ന: രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചരിത്ര സെമിനാർ ഓർമിച്ചു. ആധുനിക യൂറോപ്പ് ചരിത്ര രചനയുടെ ആവശ്യകതയെകുറിച്ച് ചിന്തിച്ചു തുടങ്ങും മുമ്പേ ഇസ് ലാമിക ചരിത്രകാരന്മാർ ഒട്ടനവധി ചരിത്ര ഗ്രന്ഥങ്ങൾ രചിച്ചു കഴിഞ്ഞിരുന്നുവെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. ചരിത്രമെഴുത്തിന്റെ ചരിത്രം, തിരിഞ്ഞുനോട്ടമാണ് ചരിത്രം, ചരിത്രം ഇസ്‌ലാമിന്നെതിരെ എന്നീ വിഷയങ്ങൾ യഥാക്രമം റഷീദലി വഹബി എടക്കര, ഇബ്രാഹീം വഹബി തോണിപ്പാടം, സലീം വഹബി ഉപ്പട്ടി എന്നിവർ അവതരിപ്പിച്ചു. പി. ഉബൈദുല്ല എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ദാറുസ്സുന്ന ഇസ്‌ലാമിക കേന്ദ്രം ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ, എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ, സ്വദഖത്തുല്ല മൗലവി കാടാമ്പുഴ, അശ്റഫ് ബാഖവി കാളികാവ്, ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറാ അംഗങ്ങളായ അലിഹസ്സൻ ബാഖവി, പി. അലിഅക്ബർ മൗലവി, ഇ.കെ അബ്ദുറശീദ് മുഈനി എന്നിവർ പ്രസംഗിച്ചു.