കോഴിക്കോട്: സാംസ്കാരിക പ്രവര്ത്തകന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി. അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ സിവിക് ചന്ദ്രന് ഇതേ കോടതി നേരത്തെയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഉപാധികളില്ലാതെയാണ് സിവികിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാല്‍, പരാതിക്കാരിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും പട്ടിക ജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു.