കാസര്‍കോട്:ഹെല്‍മെറ്റും ലഹരി വിരുദ്ധ സന്ദേശ ടീ ഷര്‍ട്ടും ധരിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ഒപ്പം സൈക്കിളോട്ടക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് പെഡലേഴ്സിന്റെ പ്രവര്‍ത്തകര്‍. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വ്യാഴാഴ്ച സംഘടിപ്പിച്ച മാരക ലഹരിക്കെതിരായ ബോധവത്കരണ സൈക്കിള്‍ റാലി ജനമനസ്സുകളിലൂടെ സഞ്ചരിച്ചു.
സൈക്ലോത്തോണിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ജില്ലാ കളക്ടര്‍. ഔദ്യോഗിക വാഹനവും ഗണ്‍മാന്റെ അകമ്പടിയും ഉപേക്ഷിച്ച് അവര്‍ തന്റെ കുട്ടിക്കാലത്തെ സൈക്ലിംഗ് കമ്പവുമായി റാലിയില്‍ പങ്കുചേരുകയായിരുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് നായമ്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂള്‍ വരെ കളക്ടര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി. കാസര്‍കോട് പെഡലേഴ്സിനൊപ്പം സൈക്കിള്‍ യാത്രയെ ഇഷ്ടപ്പെടുന്ന തന്‍ബീഹുല്‍ സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളും റാലിയില്‍ അണി ചേര്‍ന്നു.
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സൈക്ലോത്തോണ്‍ ഫ്ളാഗ് ഓഫ് ചടങ്ങ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും അസി.എഡിറ്റര്‍ ജി എന്‍ പ്രദീപ് നന്ദിയും പറഞ്ഞു. കാസര്‍കോട് പെഡലേഴ്സിന്റെ സ്നേഹോപഹാരം ജില്ലാ കളക്ടര്‍ക്ക് കൈമാറി.
മാരക ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിമുക്ത കേരളം പരിപാടിയുടെ ആരംഭം കുറിച്ചാണ് പരിപാടി.
ലഹരി വിമുക്ത കേരളം ജില്ലാതല പരിപാടി നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍ .എ ഉദ്ഘാടനം ചെയ്തു.