കോഴിക്കോട്: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് കരുത്തേകി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും. ബോധവത്ക്കരണ ക്ലാസ്, ഫ്ളാഷ് മോബ്, നാടകം തുടങ്ങിയവ സംഘടിപ്പിച്ചാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്യാമ്പയിനിന്റെ ഭാഗമായത്. ‘ജീവിതത്തിലെ ആരോഗ്യപരമായ പുതുലഹരികള്‍ കണ്ടെത്തൂ, നല്ല നാളേക്കായി ഇന്ന് തന്നെ മാറാം’ എന്ന മുദ്രാവാക്യവുമുയര്‍ത്തിയാണ് പ്രോവിഡന്‍സ് വുമണ്‍സ് കോളേജില്‍ ക്യാമ്പയിന് സംഘടിപ്പിച്ചത്.
വെള്ളിമാട്കുന്ന് സര്‍ക്കാര്‍ ലോ കോളേജിലെ ക്ലിജോ നിയമസഹായ വേദി അവതരിപ്പിച്ച ഫ്ളാഷ് മോബിന് പുറമെ ലഹരി കുടുംബങ്ങളിലുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള നാടകവും പരിപാടിയുടെ ഭാഗമായി നടന്നു. ലഹരിക്കെതിരായ ജാഗ്രത, കരുതല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പ്രചരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ദീപ, അധ്യാപിക എസ്.അശ്വനി എന്നിവര്‍ സംസാരിച്ചു. പ്രോവിഡന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളായ അഭിഷ, അക്ഷര, റയിന റാഷി, അമൃത, റിനു എന്നിവര്‍ ലഹരിക്കെതിരെയുള്ള അവരുടെ ആശയങ്ങളും പങ്കുവെച്ചു. ലഹരി ഉപയോഗം നിര്‍ത്തണമെന്നത് അനിവാര്യമാണ്. വായന, യാത്ര, ഭക്ഷണം, സ്പോര്‍ട്സ് തുടങ്ങിയവ പുതുലഹരികളെ കണ്ടെത്തുമെന്നും സമൂഹത്തിനും ശരീരത്തിനും ദോഷകരമായ ലഹരികള്‍ അകറ്റി നിര്ത്തേണ്ടവയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.