റിയാദ് : കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ നാലാം ഘട്ട പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് അബ്ദുസലാം തൃക്കരിപ്പൂര്‍ ഹംസ പെരിന്തല്‍മണ്ണക്ക് അപേക്ഷാ ഫോറം നല്കി കാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വഴി പത്ത് ലക്ഷം രൂപയാണ് പദ്ധതി കാലയളവില്‍ മരണപ്പെടുന്ന അംഗത്തിന്റെ ആശ്രിതര്‍ക്ക് നല്കി വരുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ചെയര്‍മാനായ സമിതിയാണ് സുരക്ഷാ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കോഴിക്കോട് ഇതിനായി പ്രത്യേക ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
തിരിച്ചു പോയ പ്രവാസികളെ സഹായിക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെന്ഷന് പദ്ധതി പരിഗണനയിലുണ്ടെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ വ്യക്തമാക്കി.
ജലീല്‍ തിരൂര്‍, ഉസ്മാന് പരീത്, സിദ്ധീഖ് തുവ്വൂര്‍, ഷൗക്കത്ത് പാലപ്പിള്ളി, മുഹമ്മദ് വേങ്ങര തുടങ്ങിയവര്‍ സംസാരിച്ചു. ബാവ താനൂര്‍ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഫസലുറഹ്മാന് പുറങ്ങ് ഖിറാഅത്ത് നടത്തി. ആക്ടിങ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതവും നൗഷാദ് ചാക്കീരി നന്ദിയും പറഞ്ഞു.