വടകര: റവന്യൂ കലോത്സവം അവസാനദിനത്തില്‍ പരിചമുട്ട്കളിയും ദഫ്മുട്ടും മാര്‍ഗംകളിയും വേദികളെ ഇളക്കിമറിച്ചു. വേഗമേറിയ താളത്തിന്റെയും ഇശലുകളുടെയും ഒത്തുചേര്‍ന്ന വിസ്മയം സമ്മാനിച്ചാണ് പൗരാണിക സ്പര്‍ശമുള്ള ഈ കലായിനങ്ങള്‍ അരങ്ങേറിയത്. കലാമേള ജനം ഒന്നായി ഏറ്റെടുത്ത് അനുഭവമായിരുന്നു ഇന്നും.
നൃത്തത്തിന്റെയും നാടകാവതരണത്തിന്റെയും മൗലിക പ്രകടനങ്ങള്‍ കണ്ടാണ് കഴിഞ്ഞദിവസം ആസ്വാദകര്‍ വേദി വിട്ടത്. ടൗണില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണികള്‍ ഒഴുകിയെത്തി. ജില്ലയിലെ പ്രധാന വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളും അധ്യാപകരുമെല്ലാം എത്തിയപ്പോള്‍ വടകരയുടെ പ്രധാനവീഥികളും ഇടവഴികളും ജനസഞ്ചയമായി.
കൊവിഡ് എന്ന മഹാമാരിയുടെ വരവോടെ ഒറ്റപ്പെട്ടുപോയ കലാപ്രകടനങ്ങള്‍ സ്വാതന്ത്ര്യത്തോടെ മിഴിവ് പ്രകാശിപ്പിച്ച വേദി കൂടിയായിരുന്നു വടകരയിലേത്.
അഞ്ചുനാള്‍ വടകരയിലുയര്‍ന്ന ലയ- ലാസ്യ -മേള നടനത്തിന് സമാപനമായിരിക്കുകയാണ്. ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കും. സംസ്ഥാന കലോത്സവത്തിന് കോഴിക്കോട് ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ജനുവരി മൂന്നുമുതല്‍ ഏഴ് വരെയാണ് സംസ്ഥാന കലോത്സവം.