
തിരുവനന്തപുരം:കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ നേൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’യില്‍ പോക്കറ്റടിസംഘം കടന്നുകൂടി. നേമത്തുനിന്നുള്ള യാത്രയിലാണ് തമിഴ്‌നാടുനിന്നുള്ള സംഘം കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നും നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നു വൈകിട്ട് 5ന് തിരുവനന്തപുരം നഗരത്തില്‍ ഓണംവാരാഘോഷ സമാനപഘോഷയാത്ര തുടങ്ങും മുന്‍പ് ഇവരെ പിടികൂടാനാണു ശ്രമം.
നേമത്തിനടുത്ത് വെള്ളായണി ജംക്ഷനില്‍നിന്നു പട്ടത്തേക്കായിരുന്നു ഇന്ന് രാവിലെ ഭാരത് ജോഡോ യാത്ര. അതിനിടെ, കരമന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നു രാവിലെ രണ്ടു പോക്കറ്റടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രയില്‍ പങ്കെടുത്ത രണ്ടുപേരുടെ പോക്കറ്റടിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ കരമന പൊലീസും തിരുവനന്തപുരം ഫോര്‍ട്ട് പൊലീസും ചേര്‍ന്ന് പരിശോധിച്ചു. തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ മുന്‍പും സമാനകേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.
രാഹുല്‍ഗാന്ധിയെ കാണാനായി വഴിയരികില്‍ കാത്തുനില്‍ക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍നിന്നാണ് യാത്രയുടെ ഒപ്പം സംഘം കേരളത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാണ് രാഹുല്‍ഗാന്ധിയുടെ യാത്ര കേരളത്തില്‍ ആരംഭിച്ചത്.