

കോഴിക്കോട്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന്റെ മറവില്‍ രാഷ്ട്രീയസംഘര്‍ഷത്തില്‍ പെട്ട നേതാവിനെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത നടപടി വിവാദമാവുന്നു. കെ.എസ്.യു ജില്ലാ ഭാരവാഹിയായ കുറ്റിക്കാട്ടൂര്‍ സ്വദേശി ബുഷര്‍ ജംഹറി(29)നെതിരെയാണ് കാപ്പ ചുമത്തിയത്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി നടപ്പിലാക്കിയ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) എന്ന പേരിലുള്ള കേസ് ഗുണ്ടകള്‍ക്കെതിരയാണ് പ്രയോഗിക്കുക പതിവ്. മൂന്ന് കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാനിയമപ്രകാരം തടങ്കലില്‍ വെക്കുന്നത്. ഒരു വര്‍ഷം വരെ കരുതല്‍ തടങ്കല്‍ തുടരാന്‍ വ്യവസ്ഥയുണ്ട്. ഏഴ് വര്‍ഷത്തിനുള്ളില്‍ ഉള്ള കേസുകളാണ് പരിഗണിക്കുക.
മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ജംഹറിനെതിരെ അടിപിടി, കൊലപാതകശ്രമം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നീ കുറ്റങ്ങളാണ് ആരോപിക്കുന്നത്. കുന്ദമംഗലം പെരിങ്ങളം മണ്ണമ്പറമ്പത്ത് ഷിജു എന്ന ടിങ്കു(32)വിനെയും കാപ്പ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം, ലഹരിക്കടത്ത്, പൊലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് ഷിജുവിനെതിരെയുള്ളത്. സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കലക്ടറാണ് കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്.
രാഷ്ട്രീയ എതിരാളികളെ കാപ്പ ചുമത്തി ജയിലിലടക്കുന്ന നടപടി എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കരിനിയമം പ്രയോഗിക്കുന്ന നരേന്ദ്രമോദിയുടെ അതേ പകര്‍പ്പാണ് പിണറായി സര്‍ക്കാര്‍ ഇവിടെയും നടപ്പാക്കുന്നത്. ഇത്തരം നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കാപ്പ ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.