കോഴിക്കോട്: സംസ്ഥാനത്ത് 42000 ഇടങ്ങളില്‍ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരള വിദ്യുച്ഛക്തി വകുപ്പിന്റെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര ഗവ യു.പി സ്‌കൂളില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ 500 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രകൃതി ചൂഷണം
ചെയ്യപ്പെടാതെ സോളാര്‍ പോലെയുള്ള മാര്‍ഗങ്ങളുപയോഗിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പ്രോജക്ട് ഫെയ്‌സ് ഒന്നില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂളില്‍ 43 കിലോ വാട്ട്‌സ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. 130 പാനലുകളില്‍ നിന്നും ഏകദേശം ദിവസം 172 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. ഉല്പാദനത്തിന്റെ പത്തു ശതമാനം സ്‌കൂളിന്റെ വൈദ്യുതി ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുക.
സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്റര്‍ മന്ത്രി വേദിയില്‍ പ്രകാശനം ചെയ്തു. എല്‍ എസ് എസ്, യു എസ് എസ് വിജയികള്‍ക്കും കലോത്സവ വിജയികള്‍ക്കും മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സൗര ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അയ്യൂബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാമനാട്ടുകര നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സുരേഷ് കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫ റഫീഖ്, വാര്‍ഡ് കൗണ്‍സിലര്‍ കെ. ജയ്‌സല്‍, ഫറോക്ക് എ ഇ ഒ കുഞ്ഞിമൊയ്ദീന്‍, കോഴിക്കോട് ബി പി സി ടിജോ, പി. ടി. എ. പ്രസിഡന്റ് എം. മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.