ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31ാം ചരമവാര്‍ഷികത്തില്‍ പ്രണാമം അര്‍പ്പിച്ച് രാജ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പി.ചിദംബരം, സച്ചിന് പൈലറ്റ് എന്നിവര്‍ ഡല്‍ഹിയിലെ വീര്‍ഭൂമിയില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് എന്നിവരും പ്രണാമം അര്‍പ്പിച്ചു.
പിതാവിന്റെ ചരമവാര്‍ഷികത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച രാഹുല്‍ ഗാന്ധി, അദ്ദേഹം തനിക്കും പ്രിയങ്കയ്ക്കും അദ്ഭുത പിതാവ് ആയിരുന്നുവെന്ന് പറഞ്ഞു. ‘ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു എന്റെ അച്ഛന്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്താന്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ സഹായിച്ചു. അദ്ദേഹം കരുണയും ദയയും ഉള്ള മനുഷ്യനായിരുന്നു.
ക്ഷമയുടെയും സഹാനുഭൂതിയുടെയും മൂല്യം പഠിപ്പിച്ച് എനിക്കും പ്രിയങ്കയ്ക്കും അദ്ഭുതകരമായ പിതാവായി. ഞാന്‍ അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുന്നു. ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച സമയം സ്നേഹത്തോടെ ഓര്‍ക്കുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധിയെ കുറിച്ചുള്ള ട്രിബ്യൂട്ട് വിഡിയോയും അദ്ദേഹം പങ്കുവച്ചു. വിഡിയോ പ്രിയങ്ക ഗാന്ധി റിട്വീറ്റ് ചെയ്തു.
1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ എല്‍ടിടിഇ ചാവേറാക്രമണത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 30 വര്‍ഷം ജയിലില്‍ കഴിഞ്ഞ എ.ജി.പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.