പേരാമ്പ്ര: അയല്‍ വാസിയുടെ വീടിന്റെ സുരക്ഷക്കായി കെട്ടിയുയര്‍ത്തിയ ചെങ്കല്‍ മതില്‍ ഇടിഞ്ഞ് വീണ് ഹോട്ടല്‍ തൊഴിലാളിയായ ഗൃഹനാഥന് ദാരുണാന്ത്യം. മരുതോറേമ്മല്‍ പരപ്പില്‍ പാറക്ക് മീത്തല്‍ നാരായണക്കുറുപ്പ് (72) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനും ആ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തെ കൈലാസ് ബില്‍ഡിങ്ങിലുള്ള ഹോട്ടലിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. അപകട വാര്‍ത്തയറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ദൗത്യസേനയും പോലീസും സന്നദ്ധ പ്രവര്‍ത്തകനും കൈ മെയ് മറന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലൂടെ ഇയാളെ പുറത്തെടുത്തു ആശുപത്രിയിലെത്തിക്കുന്നത് വരെ ശുഭാപ്തി വിശ്വാസത്തിലായിരുന്നു ഏവരും.

മണ്ണിനടിയില്‍പ്പെട്ട ഇയാള്‍ രക്ഷാ പ്രവര്‍ത്തകരോട് സംസാരിക്കുകയും വെള്ളം കുടിക്കുകയും ചെയ്തിരുന്നു. ശ്വാസതടസവുമില്ലെന്ന് ബോധ്യമായതോടെ ഇയാള്‍ മരണപ്പെടുമെന്ന ഒരു വിധ ആശങ്കയും നിലവിലില്ലായിരുന്നു. മണ്ണിനടിയില്‍ നിന്ന് വീടിന്റെ ചുമര്‍ പൊളിച്ച് പുറത്തെടുക്കുന്നത് വരെ ഇയാള്‍ക്ക് ബോധമുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് സ്ഥിതി വഷളാകുകയും അല്‍പ സമയത്തിനകം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഇയാളുടെ വീടിനേക്കാള്‍ ഉയരത്തിലായിരുന്ന അയല്‍ വാസിയുടെ വീട്ടുമുറ്റത്ത് നിന്ന് മഴവെള്ളവും മറ്റും ഒലിച്ചിറങ്ങുന്നത് തടയാനായി അയല്‍വാസിയായ വീട്ടമ്മ ലോണെടുത്ത് നിര്‍മ്മിച്ച മതിലാണ് ഇടിഞ്ഞു വീണ് അത്യാഹിതത്തിനിടയാക്കിയത്.