ദുബൈ: “രക്തം നൽകൂ, പുഞ്ചിരി സമ്മാനിക്കൂ” എന്ന സന്ദേശവുമായി യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈ കൈൻഡ് നെസ് ഗ്രൂപ്പുമായി സഹകരിച്ച് യുഎഇയുടെ അൻപതാം ദേശീയ ദിനമായ ഡിസംബർ രണ്ടിന് രാവിലെ 10മണി മുതൽ വൈകുന്നേരം 2 മണിവരെ ലത്തീഫാ ഹോസ്പിറ്റൽ അങ്കണത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റി സജ്ജമാക്കിയ ടെന്റിൽ മെഗാ രക്തദാന ക്യാമ്പ് നടക്കും.
ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി കമ്മിറ്റികളുടെയും സഹകരണത്തോടെയാണ് ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരം ജില്ലാ കെഎംസിസിയെ തേടിയെത്തിയത്. രക്തദാന ക്യാമ്പിലൂടെ പോറ്റമ്മയായ യുഎഇക്കു രാഷ്ട്രസേവന സമർപ്പണമാണ് മലയാളികൾ ചെയ്യുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവ് രാജ്യത്തിനു പുഞ്ചിരി നൽകുന്നു എന്ന മഹത്തായ സന്ദേശമാണ് മെഗാ രക്തദാന ക്യാമ്പിലൂടെ സമൂഹത്തിനു നൽകുന്നതെന്ന് കെ എം സി സി കാസറഗോഡ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി. ആർ. മേൽപറമ്പ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ് സൽ മെട്ടമ്മൽ, കൈൻഡ് നെസ് ബ്ലഡ് ഡോണേഷൻ ടീം ഭാരവാഹികളായ അന്വര് വയനാട്, സിയാബ് തെരുവത്ത് എന്നിവർ പറഞ്ഞു. കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഓർഗനൈസിംഗ് സെക്രട്ടറി അഫ് സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്ങൽ, സി. എച്ച്. നൂറുദ്ദിൻ കാഞ്ഞങ്ങാട്, അഡ്വ: ഇബ്രാഹിം ഖലീൽ, കെ. പി. അബ്ബാസ് കളനാട് , സലാം തട്ടാനാച്ചേരി, ഫൈസൽ മൊഹ സിൻ തളങ്കര, അഷ്റഫ് പാവൂർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ഹനീഫ് ടി. ആർ. മേൽപറന്പ നന്ദി പറഞ്ഞു.