കോഴിക്കോട്: യു.എ.ഇ യാത്രക്കിടെ കറന്‍സി കടത്തിയെന്ന ആരോപണത്തിന് വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘഷത്തില്‍ കലാശിച്ചു. മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് സംഘര്‍ഷം തുടങ്ങിയത്.

പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റി. പിന്നീട് കെ. പ്രവീണ്‍കുമാറിനെയും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. അത് റോഡ് ഉപരോധത്തില്‍ കലാശിച്ചു. ഇവരെ മാറ്റുന്നതിന്റെ ഭാഗമായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പ്രവീണിനെയും അഭിജിത്തിനെയും കൊണ്ടുപോവുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സമരത്തിനുശേഷം യുവമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു.