മുരളി തുമ്മാരുകുടി
സ്‌കൂള്‍ യൂണിഫോം ആണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമുള്ള എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര സ്‌കൂളിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം വായിച്ചിരുന്നു. ഞാന്‍ പഠിക്കുന്ന കാലത്ത് സ്‌കൂളുകളില്‍ യൂണിഫോം അത്ര പ്രചാരത്തിലില്ല. ഒന്നാം ക്ലാസ് മുതല്‍ പി. എച്ച്. ഡി. വരെ പഠിച്ചിട്ടും യൂണിഫോം ഇട്ടിട്ടില്ലാത്ത ആളാണ് ഞാന്‍. ഇപ്പോള്‍ നാട്ടില്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പോലും യൂണിഫോം ഉണ്ട്. താമസിയാതെ എം. ടെക്കിനും പി. എച്ച്. ഡി.ക്കും വന്നേക്കാം.

ലോകത്തെല്ലായിടത്തും സ്‌കൂളുകളില്‍ യൂണിഫോം ഇല്ല. ബ്രിട്ടനിലും അവരുടെ കോളനികളിലുമാണ് സ്‌കൂള്‍ യൂണിഫോം കൂടുതലായി ഉള്ളത്. ഫ്രാന്‍സില്‍ നിര്‍ബന്ധമല്ല .ഇപ്പോള്‍ ഞാന്‍ ജീവിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് ഉള്‍പ്പടെ അനവധി രാജ്യങ്ങളില്‍ സ്‌കൂള്‍ യൂണിഫോം ഇല്ല. ഇതില്‍ സമ്പന്ന രാജ്യങ്ങളും അല്ലാത്തവയും ഉണ്ട്. യൂണിഫോമിന് അനുകൂലമായും പ്രതികൂലമായും കാരണങ്ങള്‍ കണ്ടെത്താന്‍ നമുക്ക് കഴിയും. യൂണിഫോം ഇട്ടാല്‍ സമത്വ ചിന്താഗതി വരുമെന്നോ ഇട്ടില്ലെങ്കില്‍ അസമത്വം വരുമെന്നോ എനിക്ക് തോന്നിയിട്ടില്ല. അതിന് പ്രത്യേകിച്ച് തെളിവൊന്നുമില്ല താനും. ഒരേ സ്‌കൂളില്‍ യൂണിഫോമിറ്റി ഉണ്ടാക്കുന്ന ഈ സംവിധാനത്തില്‍, വ്യത്യസ്ത സ്‌കൂളുകള്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്.
അതേ സമയം സുരക്ഷാ രംഗത്ത് ജോലി ചെയ്യുന്നതിനാല്‍ സുരക്ഷിതമായ വസ്ത്രം ധരിക്കണം എന്ന അറിവ് ഉണ്ട്. തണുപ്പ് കാലത്തെ യൂണിഫോം അല്ല ചൂടുകാലത്ത് വേണ്ടത്. ചൂടും ഈര്‍പ്പവും കൂടുതലുള്ള കേരളത്തില്‍ കഴുത്തു മൂടി ടൈയും ബ്ലൗസിന് മുകളില്‍ കോട്ടും ഇട്ടുള്ള യൂണിഫോം വാസ്തവത്തില്‍ ആരോഗ്യകരമല്ല. ക്ലാസിലെ വേഷമല്ല സ്‌പോര്‍ട്‌സിന് വേണ്ടത്, സ്‌പോര്‍ട്‌സിനിടുന്ന വേഷമല്ല വിനോദയാത്രക്ക് വേണ്ടത്. ഇത് കുട്ടികളുടെ കാര്യം മാത്രമല്ല അധ്യാപകരുടേത് കൂടിയാണ്. പൊതുഗതാഗതത്തില്‍ യാത്ര ചെയ്യാനോ ദിവസം മുഴുവന്‍ തൊഴില്‍ ചെയ്യാനോ ഒട്ടും അനുകൂലമായ വേഷമല്ല സാരി, അത് പണ്ടേ മാറ്റിക്കളയേണ്ടതാണെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ വ്യക്തിസ്വാന്തന്ത്ര്യവും ആരോഗ്യകരമായ ശീലങ്ങളുമൊക്കെയാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും യൂണിഫോം ഇടാതെ സാഹചര്യത്തിനൊത്ത വേഷം ധരിക്കുന്നതാണ് ഭംഗി. യൂണിഫോം ആണെങ്കിലും അല്ലെങ്കിലും അതിനു മുകളില്‍ സദാചാര പരിശോധന ഇല്ലാതിരിക്കുന്നതാണ് നല്ല സംസ്‌കാരം.