ദുബൈ: മോഡല്‍ സര്‍വീസ് സൊസൈറ്റി (എം എസ് എസ് ) യു എ ഇ യുടെ 50 ആം ദേശീയദിനം യു എ യി ലെ നിരവധി സ്‌കൂളുകളില്‍ നിന്നുള്ള വിവിധ രാജ്യക്കാരായ 400 ല്‍ പരം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ദുബൈ-മുഹൈസിനയിലെ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ ആഘോഷിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും യു എ ഇ ഭരണാധികാരികളുടെ, ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലോചിതവുമായ നയങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാകണമെന്ന് നിര്‍ബന്ധമുള്ള എം എസ് എസ് ‘സ്മാര്‍ട്ട് ടെക്ക് – 2021’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ പരിപാടികളിലെ മുഖ്യ പ്രമേയമാക്കിയായത്, എക്‌സ്‌പോ 2020 യുടെ മുദ്രാവാക്യമായ സസ്റ്റെയിനിബിലിറ്റി, മൊബിലിറ്റി, ഇന്നൊവേഷന്‍ എന്നിവയായിരുന്നു.
പ്രശസ്ത ക്വിസ് മാസ്റ്റര്‍ ഡോ: സംഗീത് ഇബ്രാഹിമിന്റെ അവതരണത്തിലൂടെ ഗ്രേഡ് 8 മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികളെ മത്സരിപ്പിച്ച്, ഇന്‍ര്‍സ്‌കൂള്‍ സ്‌കൂള്‍ ക്വിസ് – ‘സ്മാര്‍ട്ട് ടെക്ക് 2021 ക്വിസ്, ഗ്രേഡ് 8 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സ്മാര്‍ട്ട് ടെക്ക് – 2021 സയന്‍സ് എന്നീ ഇനങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. കെ ജി മുതല്‍ ഗ്രേഡ് 7 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, പരിസ്ഥിതി മലിനീകരണം, ജല സംരക്ഷണം, റീസൈക്ലിങ് മുതലായ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികളുടെ ഫാന്‍സി ഡ്രസ്സ് മത്സരങ്ങളും സംഘടിപ്പിച്ചു. രക്ഷിതാക്കള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് വനിതകള്‍ക്ക് വേണ്ടി ട്രാഷ് റ്റു ക്രാഫ്റ്റ് പോലെയുള്ള ഒട്ടേറെ മത്സരങ്ങളും നടത്തി.
വൈകുന്നേരം നടന്ന പൊതുപരിപാടിയില്‍ മുഖ്യാതിഥിയായ ഫെഡറല്‍ എന്‍വിറോണ്മെന്റ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഡോ: മറിയം അല്‍ ഷെനാസി, എം.എസ് എസി ന്റെ സംഘടനാ വൈഭവത്തെയും ‘സ്മാര്‍ട്ട് ടെക് – 2021 സയന്‍സ് ‘ ഉള്‍പ്പെടുത്തിയതിനെയും അവര്‍ പ്രശംസിച്ചു. നൂതനമായ ആശയങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന ദുബൈ മുനിസിപ്പാലിറ്റി, പ്രസ്തുത ഇനത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പല ആശയങ്ങളും പ്രായോഗികമാക്കുന്നതിന് ആഗ്രഹവും പ്രകടിപ്പിച്ചുകൊണ്ടാണ് ഉത്ഘാടനം നിര്‍വഹിച്ചത്.
കാലഘട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന എം എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍, അദ്ധ്യക്ഷ പ്രസംഗത്തില്‍ സംക്ഷിപ്തമായി അവതരിപ്പിച്ച ചെയര്‍മാന്‍ എം.സി ജലീല്‍ ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതും അവരെ ശാസ്ത്ര ലോകത്തേക്ക് വഴി തെളിയിച്ചുകൊണ്ടുള്ളതുമായ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് എം. എസ്. എസ് പദ്ധതിയിടുന്നതെന്നും വ്യക്തമാക്കി.
മുഖ്യ വിഷയം അവതരിപ്പിച്ച അബൂബക്കര്‍ സ്വിദ്ധീഖി വിവര സാങ്കേതിക രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും പദങ്ങളും പുതുതലമുറ മാത്രമല്ല പഴയ തലമുറയും നന്നായി ഗ്രഹിക്കണമെന്ന സന്ദേശം നല്കി. ആഘോഷ പരിപാടികളുമായി സഹകരിച്ച യു. എ.ഇ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.
സ്മാര്‍ട്ട് ടെക്ക് – 2021 ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ഔര്‍ ഓണ്‍ അല്‍ വര്‍ഖ ബോയ്‌സ് സ്‌കൂളും ഔര്‍ ഓണ്‍ അല്‍ വര്‍ഖ ഗേള്‍സ് സ്‌കൂളും ‘സ്മാര്‍ട്ട് ടെക് – 2021 സയന്‍സ് ‘ എക്‌സിബിഷനില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ഔര്‍ ഓണ്‍ ഹൈ സ്‌കൂള്‍ ഷാര്‍ജ, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജയും കരസ്ഥമാക്കി. 30 ഗ്രാം സ്വര്‍ണ്ണവും ട്രോഫിയും നേടിയ വിജയികളായ വി ദ്യാര്‍ത്ഥികള്‍ മുക്തകണ്ഠം പ്രശംസ ഏറ്റു വാങ്ങി.
മത്സര ഇനങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണം മുഖ്യ പ്രയോജകരായ ജലീല്‍ ഹോള്‍ഡിങ്സ്, ലൈഫ് ഫാര്‍മസി, പ്രൈം സീല്‍ എന്നിവരും മുഖ്യാതിഥിയും മറ്റ് അതിഥികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുജീബ് റഹ് മാന്‍ സ്വാഗതവും എം.എസ്.എസ്. വനിതാ വിങ്ങ് അസി. കോര്‍ഡിനേറ്റര്‍ അമീറ ഹസ്സന്‍ നന്ദിയും പറഞ്ഞു.