കോഴിക്കോട്: യുഎച്ച്ടി മില്‍ക്കിന്റെ ( ആള്‍ട്ര ഹൈ ടെമ്പറേച്ചര്‍ മില്‍ക്ക്) വിപണി സജീവമാക്കാന്‍ മില്‍മ. ഇതിന്റെ ഭാഗമായി 10 യുഎച്ച്ടി മില്‍ക്ക് വിതരണ വണ്ടികള്‍ മില്‍മ പുറത്തിറക്കി. പെരിങ്ങളത്തെ മലബാര്‍ മില്‍മ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി ഫ്ളാഗ് ഓഫ് ചെയ്തു. മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി, ജനറല്‍ മാനേജര്‍മാരായ കെ.സി. ജെയിംസ്, മാര്‍ക്കറ്റിംഗ് മാനെജര്‍ സജീഷ്.എം എന്നിവര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ പ്രേംലാല്‍, മില്‍മ ഫെഡറേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഗോപകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
ഉപഭോക്താവിന് ഏറെ ഗുണപ്രദവും ദീര്‍ഘകാലം കേടു കൂടാതെ സൂക്ഷിക്കാവുന്നതുമാണ് യുഎച്ച്ടി മില്‍ക്ക്. 90 ദിവസം വരെ സാധാരണ ഊഷ്മാവില്‍ കേടുവരില്ല. രാസവസ്തുക്കള്‍ ഒന്നും ചേര്‍ക്കാതെയാണ് നിര്‍മാണം. 140 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി അണുവിമുക്തമാക്കിയ ശേഷം തണുപ്പിച്ച് അഞ്ച് ലെയര്‍ പാക്കിംഗിലാണ് യുഎച്ച്ടി മില്‍ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. മില്‍മയുടെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം ഡെയറിയിലാണ് യുഎച്ച്ടി മില്‍ക്ക് നിര്‍മിക്കുന്നത്.