കോഴിക്കോട്: കോട്ടയം-ചെങ്ങന്നൂര്‍ ഭാഗത്ത് പാതയിരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിന്റെ പേരില്‍ പരശുറാം, ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പെടെ റദ്ദാക്കിയത് മലബാറിലെ യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായി. ഷൊര്‍ണൂര്‍-മംഗലാപുരം ഭാഗത്തെങ്കിലും ഈ വണ്ടികള്‍ ഓടിക്കണമെന്ന ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന്റെയും മറ്റു സംഘടനകളുടെയും നിരന്തര അപേക്ഷ റെയില്‍വേ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. അതേസമയം, കൊവിഡ് കാലത്ത് നിര്‍ത്തിയ പാസഞ്ചര്‍ ട്രെയിനുകള്‍ മലബാറില്‍ ഒന്നുപോലും ഓടിക്കാനും തയാറായിട്ടില്ല.
തൃശൂര്‍-കോഴിക്കോട്, ഷൊര്‍ണൂര്‍ -കോഴിക്കോട്, ഷൊര്‍ണൂര്‍-നിലമ്പൂര്‍, പാലക്കാട്-നിലമ്പൂര്‍, കോഴിക്കോട്്-തൃശൂര്‍, പാലക്കാട്-ഈറോഡ്, കൊയമ്പത്തൂര്‍-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ എന്നിവ റദ്ദാക്കിയതാണ് മലബാറിലെ യാത്രക്കാര്‍ക്ക് വലിയ പ്രഹരമായത്. കണ്ണൂര്‍-കോയമ്പത്തൂര്‍, കണ്ണൂര്‍-ഷൊര്‍ണൂര്‍ ട്രെയിനുകള്‍ മെമു ആയി ഓടിച്ചിരുന്നുവെങ്കിലും നിരക്ക് കൂടുതലായിരുന്നു. അവയാണ് ഇപ്പോള്‍ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നത്. ഈ മാസം 28 വരെ നിയന്ത്രണം തുടരുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്.
പാസഞ്ചര്‍ ട്രെയിനുകളുടെ അഭാവം കോഴിക്കോട്ടേക്ക് വരുന്ന ഉദ്യോഗസ്ഥര്‍ക്കും ജോലിക്കാര്‍ക്കുമാണ് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നത്.
ജനശതാബ്ദിയും പരശുറാമും റദ്ദാക്കുന്നതോടെ മലബാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ക്കും തിരിച്ചെത്തുന്നവര്‍ക്കും യാത്രക്ക് ബസുകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയായി. തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂര്‍ വരെ പോകുന്ന വേണാട് എക്സ്പ്രസ് നിര്‍ത്തിയതും യാത്രാക്കാര്‍ക്ക് തിരിച്ചടിയായി. ചികിത്സക്കും വിദ്യാഭ്യാസ ആവശ്യത്തിനും ഉദ്യോഗസംബന്ധമായും യാത്ര പോകുന്നവര്‍ ദുരിതത്തിലായി.
പരശുറാം, ജനശതാബ്ദി എന്നിവ എറണാകുളം വരെയെങ്കിലും ഓടിക്കണമെന്ന ആവശ്യമാണ് യാത്രക്കാര്‍ ഉന്നയിച്ചിരുന്നത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നത് മലബാറിലെ യാത്രക്കാരെ വലയ്ക്കുകയാണ്.