കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗം എല്ലുരോഗ ഡിപാര്‍ട്ട്മെന്റില്‍ 24 മണിക്കൂറും ശസ്ത്രക്രിയ നടത്താന്‍ സംവിധാനമായി. നിലവില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്ററില്‍ രണ്ടു മേശകളാണ് ഉണ്ടായിരുന്നത്. ഇന്നലെ ഒരു ശസ്ത്രക്രിയാ ടേബിള്‍ കൂടി സജ്ജീകരിച്ചു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രോഗികള്‍ ഇവിടെ എത്താറുണ്ട്. രാവിലെ എത്തുന്ന രോഗികള്‍ക്കും ശസ്ത്രക്രിയ നടന്നുകിട്ടാന്‍ രാത്രി വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഉണ്ടാവാറുള്ളത്.
അനസ്ത്യേഷ്യാ വിഭാഗത്തില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതും ശസ്ത്രക്രിയ വൈകാന്‍ കാരണമായിരുന്നു. ഇപ്പോള്‍ അനസ്തേഷ്യാ വിഭാഗത്തില്‍ റസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ചത് പ്രശ്നത്തിന് പരിഹാരമായി. നിലവില്‍ മെഡിക്കല്‍ കോളജില്‍ 72 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഏപ്രിലില്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. അവര്‍ക്ക് പകരക്കാര്‍ എത്തിയിട്ടില്ല. 1962ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ഇപ്പോഴും കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. സ്റ്റാഫ് പാറ്റേണ്‍ പുതുക്കണമെന്ന ആവശ്യം ശക്തമാണ്.