കോഴിക്കോട് : പ്രാദേശിക തലത്തിലുള്ള മുസ്ലിം ലീഗ് പാര്‍ട്ടി ഓഫീസുകളെ സൗജന്യ സേവന കേന്ദ്രങ്ങളാക്കി പൊതുജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ജനകീയ പദ്ധതിയായ ‘ജനസഹായി കേന്ദ്രം’ നാളെ തുടങ്ങും.
യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് വേഗത്തിലും സൗജന്യമായും ലഭ്യമാക്കുകയാണ് ജനസഹായി കേന്ദ്രം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതോടൊപ്പം പാര്‍ട്ടി ഓഫീസുകളുമായി പൊതുജന ബന്ധം കൂടുതല്‍ വിപുലപ്പെടുത്തുകയും ചെയ്യും.
കോഴിക്കോട്ടുള്ള മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരം കേന്ദ്രമാക്കിയാണ് ജനസഹായി പ്രവര്‍ത്തിക്കുക. ഇതിന് വേണ്ടി പ്രത്യേകം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയതായി യൂത്ത്ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും വിദ്യാഭ്യാസ പ്രോത്സാഹനം, കരിയര്‍ ഗൈഡന്‍സ്, തൊഴില്‍ പരിശീലനം, രോഗീ പരിചരണം തുടങ്ങി പൊതുജനങ്ങള്‍ക്ക് ആവശ്യമായ മറ്റു സേവനങ്ങളും ജനസഹായിയിലൂടെ ലഭ്യമാക്കും.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുന്നത്.
ആദ്യ 50 ജനസഹായി കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ വൈകീട്ട് 4 മണിക്ക് കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രഡിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി എം എ സലാം തുടങ്ങിയവര്‍ പങ്കെടുക്കും.