കാസര്‍കോട്: ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം- സി.ഐ.ടി.യു നേതാവുമായ പി.രാഘവന് (77) അന്തരിച്ചു.എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് രണ്ടര വര്‍ഷത്തോളമായി മുന്നാട്ടെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് വിടപറഞ്ഞത്.
1991 മുതല്‍ 2001 വരെ തുടര്‍ച്ചയായി പത്ത് വര്‍ഷം ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ രാഘവന് വിവിധ നിയമസഭാ കമ്മിറ്റികളില്‍ അംഗമായിരുന്നു. 1984 ല്‍ സി.പി.എം ജില്ലാ കമ്മിറ്റി രൂപവത്കരിച്ചത് മുതല്‍ ജില്ലാ കമ്മിറ്റിയംഗമായും ജില്ലാ സെക്രട്ടറിയേറ്റംഗമായും പ്രവര്‍ത്തിച്ചു. 1974 മുതല്‍ 84 വരെ സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരുന്നു. 2021 ല്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് സ്ഥാനമൊഴിഞ്ഞത്. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പൊലീസ് പീഡനവും ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സ്വാശ്രയ കോളേജായ പീപ്പിള്‍സ് കോ-ഓപറേറ്റീവ് കോളേജിന് മുന്നാട് ഇ.എം.എസ് അക്ഷരഗ്രാമത്തില്‍ 2005 ല്‍ തുടക്കമിട്ടു. യു.ഡി.എഫിന്റെ മണ്ഡലമായിരുന്ന ഉദുമ 1991 പി.രാഘവനിലൂടെ 900 വോട്ടിന്റെ ഭൂരിപക്ഷത്തിന് പിടിച്ചെടുത്ത് 96ല്‍ ഭൂരിപക്ഷം കാല്ലക്ഷത്തിലേറെയാക്കി മാറ്റി തുടര്‍ന്ന് മണ്ഡലം ഇടതുമുന്നണിയുടെ കുത്തകയാക്കി.
2017ല്‍ നടന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. നിയമബിരുദമെടുത്ത ശേഷം കുറച്ച് കാലം കാസര്‍കോട് ബാറില്‍ അഭിഭാഷകനായി ജോലി ചെയ്തെങ്കിലും പിന്നീട് മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ഗൗണ്‍ അഴിച്ചു വെക്കുകയായിരുന്നു.
കേരളത്തിലെ ഏറ്റവും മികച്ച സഹകാരിക്ക് തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ഏര്‍പെടുത്തിയ 2021 ലെ ഇ.നാരായണന് പുരസ്കാരം മുന്‍ മന്ത്രി ഇ.പി.ജയരാജന് മുന്നാട്ടെ വീട്ടിലെത്തിയാണ് രാഘവന് സമര്‍പ്പിച്ചത്.
ഭാര്യ:കമല.മക്കള്‍: അജിത് കുമാര്‍,മാധ്യമപ്രവര്ത്തകന് അരുണ്‍ രാഘവന്(ഏഷ്യാനെറ്റ്).
*
മുഖ്യമന്ത്രി അനുശോചിച്ചു
കാസര്‍കോട്:സി.പി.എം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.അദ്ദേഹം മികച്ച സാമാജികനായിരുന്നു.
സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്ന നിലയിലും ദീര്‍ഘകാലം ജില്ലയിലെ പാര്‍ട്ടിയെയും മുന്നണിയെയും നയിച്ചു.ദിനേശ് ബീഡി ഡയറക്ടറായിരുന്ന രാഘവന് നിരവധി സഹകരണ സംരംഭങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.
സി.ഐ.ടി.യു നേതാവെന്ന നിലയില്‍ ജില്ലയിലെ തൊഴിലാളി പ്രശ്നങ്ങളില്‍ മുന്‍നിരയിലുണ്ടായ സഖാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.