കോഴിക്കോട് . മുത്തൂറ്റ് പോള്‍ വധക്കേസില്‍ മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച പ്രതി തിരുവല്ല ആഞ്ഞിലത്താനം സ്വദേശി സന്തോഷ് എന്ന ഹസ്സന്‍ സന്തോഷ് (42) മോഷണക്കേസില്‍ പിടിയിലായി.
നടക്കാവ് പൊറ്റങ്ങാടി റോഡിലെ മറിയാബിയുടെ വിടിന്റെ ജനല്‍ അഴികള്‍ തകര്‍ത്ത് അകത്ത് കയറി, സ്റ്റീല്‍ അലമാര കുത്തിപ്പൊളിച്ച് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും, 25000 രൂപയും കവര്‍ന്ന കേസിലാണ് പിടിയിലായത്. കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, മാവേലിക്കര ഷൊര്‍ണ്ണൂര്‍ ,പയ്യന്നൂര്‍ തുടങ്ങി കേരളത്തിന്റെ പല ഭാഗങ്ങളിലും കടകള്‍ കുത്തിതുറന്നും, ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചി തകര്‍ത്തും പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ പ്രതിയാണ്.
ഒന്നര വര്‍ഷമായി കോഴിക്കോടിന്റെ പല ഭാഗങ്ങളില്‍ ഒളിച്ച് താമസിക്കുന്ന ഇയാള്‍ നഗരത്തില്‍ നടന്ന പല മോഷണക്കേസുകളിലും ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.ജൂണ്‍ രണ്ടിന് രാത്രി നടത്തിയ കളവിന് ശേഷം നഗരത്തില്‍ പല വേഷങ്ങളില്‍ ഒളിച്ച് താമസിച്ച് വന്ന പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ നടക്കാവ് ഇന്‍സ്പെക്ടറായ സി. അലവിയുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.