Wednesday, June 18, 2025

മാലിന്യ പ്രശ്നത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം :മന്ത്രി എം.ബി. രാജേഷ്

Must Read

കോഴിക്കോട്: മാലിന്യ പ്രശ്നത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി -മന്ത്രി എം.ബി. രാജേഷ്. കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണം അവലോകനം ചെയ്യുന്നതിനും സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്‌കരിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനുമായി നടന്ന ‘നവകേരള തദ്ദേശകം 2 .0’ പരിപാടിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു മന്ത്രി.

മാലിന്യ സംസ്‌കരണം ലഹരി പോലെ തന്നെ അടിയന്തിരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഈ വിഷയത്തില്‍ ജനങ്ങളുടെ മനോഭാവം പ്രധാനമാണ്. ഇത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ബോധ്യങ്ങള്‍ ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവ തിരുത്തി ബോധവല്‍ക്കരണം നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
വീടുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കക്കൂസുകള്‍ പലതും അശാസ്ത്രീയമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കേണ്ടതുണ്ട് . എന്നാല്‍ ഈ വിഷയം വളരെ ലാഘവത്തോടെയാണ് പലരും കാണുന്നത്. കേരളത്തിലെ പൊതുജലാശയങ്ങളും കിണര്‍വെള്ളങ്ങളും മലിനമാണ്. ഇത് വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ മാലിന്യ സംസ്‌കരണത്തെ വളരെ അനായാസമാക്കി മാറ്റിയിട്ടുണ്ട്. ഇത്തരം അറിവുകള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയെ നവീകരിച്ച് വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഒരു സംവിധാനമായി വികസിപ്പിക്കണം.
ജനകീയ തദ്ദേശ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാന്‍ സഹായിക്കുന്ന പദ്ധതിയാണ് വാതില്‍പടി സേവനം. ജനങ്ങള്‍ സര്‍ക്കാരിനെ തേടി വരുന്നതിന് പകരം അവരുടെ വീട്ടിലേക്ക് സര്‍ക്കാര്‍ എത്തുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ അതിദാരിദ്ര്യം അവസാനിപ്പിക്കല്‍ , വാതില്‍പ്പടി സേവനം, ശുചിത്വകേരളം, ഹരിതകേരളം മിഷന്‍, മനസ്സോടിത്തിരി മണ്ണ്, ലൈഫ് മിഷന്‍ തുടര്‍ഘട്ടം , ലഹരി മുക്ത കേരളം, കുടുംബശ്രീ – കൂടുതല്‍ ശാക്തീകരിക്കല്‍, ഡിജിറ്റല്‍ ഗവേണന്‍സ്, ആസ്തി രജിസ്റ്റര്‍ പുതുക്കല്‍, ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് പൊതു ചര്‍ച്ചക്ക് തുടക്കം കുറിച്ചു. വിവിധ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴില്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുമ്പോള്‍ ഉണ്ടാകുന്ന പവര്‍ ഡെലിഗേഷനെക്കുറിച്ചു സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്ന് ചര്‍ച്ചക്ക് ശേഷമുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.

കൂടുതല്‍ വിദ്യാഭ്യാസമുള്ള യുവാക്കളെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളില്‍ കൊണ്ടുവരാനും കുടുംബശ്രീ ആധുനികവല്‍ക്കരിക്കാനുമുള്ള ശ്രമം നടത്തും. ഗ്രാമ പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകള്‍ അടിയന്തിരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ നികുതി സ്രോതസ്സുകള്‍ കണ്ടെത്തി തനതു വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം.
തെരുവ് നായകളുടെ വംശ വര്‍ദ്ധനവ് തടയാന്‍ എബിസി പദ്ധതികള്‍ക്കൊപ്പം നിന്ന് നടപടികള്‍ സ്വീകരിക്കണം.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്‍ത്തികള്‍ക്കുള്ള സാങ്കേതിക അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും അതിനു നിരന്തരമായ മോണിറ്ററിങ് ഉണ്ടായിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് 18 സെന്റ് സ്ഥലം വിട്ടു നല്‍കിയ അയുബ് നമ്പിടി പറമ്പത്ത് സ്ഥലത്തിന്റെ രേഖകള്‍ മന്ത്രിക്ക് കൈമാറി. അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ച മന്ത്രി സംസ്ഥാന സര്‍ക്കാരിന് വേണ്ടി അദ്ദേഹത്തോട് നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച സിനിമ ‘വളപ്പൊട്ടുകള്‍’ മന്ത്രി റിലീസ് ചെയ്തു. പൗരാവകാശരേഖയുടെ പ്രകാശനം ഡയറക്ടര്‍ പഞ്ചായത്ത് എച്ച് ദിനേശന് നല്‍കി മന്ത്രി നിര്‍വഹിച്ചു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .ഷീജ ശശി അധ്യക്ഷയായിരുന്നു. എല്‍. എസ്. ജി.ഡി. ജില്ലാ ജോയിന്റ് ഡയറക്ടര്‍ സാജു.ഡി ജില്ലാതല റിപ്പോര്‍ട്ട് അവതരണം നടത്തി.

ഐ എല്‍ ജി എം സ് സോഫ്‌റ്റ്വെയര്‍ ലൂടെ മികച്ച സേവനം നല്‍കി ജില്ലയില്‍ ഒന്നാമതെത്തിയ കാവിലുംപാറ ഗ്രാമപഞ്ചായത്തിനെയും രണ്ടാമതെത്തിയ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെയും മൂന്നാമതെത്തിയ ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെയും യോഗത്തില്‍ അനുമോദിച്ചു.2020-21 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ ജില്ലയിലെ മികച്ച സെക്രട്ടറിമാരെ അനുമോദിച്ചു. വളയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ്കൃഷ്ണന്‍.കെ ഒന്നാംസ്ഥാനവും പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധിക. എന്‍. ആര്‍ ,മരുതോങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജിത്. ടി. വി. എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.

തായ്‌ലന്‍ഡില്‍ നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി തിരിച്ചെത്തിയ ഇന്ത്യയുടെ അഭിമാനമായ ഇന്ത്യന്‍ ടീമിനെ നയിച്ച പുറമേരി പഞ്ചായത്ത് ജീവനക്കാരന്‍ ജിതേഷിനെ യോഗത്തില്‍ അനുമോദിച്ചു.

കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോര്‍ജ് മാസ്റ്റര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരുതി.പി, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. മുഹമ്മദലി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, ഫാറൂഖ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍. സി അബ്ദുള്‍ റസാഖ് , വടകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സന്‍ കെ.പി ബിന്ദു, കോടഞ്ചേരി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി സ്വാഗതവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ലത്തീഫ് എ.വി നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img