കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ പണം നല്‍കാനും കച്ചവടക്കാര്‍ക്ക് പുനരധിവാസ പാക്കേജും വിതരണം ചെയ്യാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ ആക്്ഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തു. ഈ സാഹചര്യത്തില്‍ റോഡ് നവീകരണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് ഡോ. എം.ജി.എസ് നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആക്്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2012ല്‍ തുടങ്ങിയ പ്രക്ഷോഭം ഇന്നും തുടരുകയാണെന്ന് ആക്്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ഫണ്ടും വിതരണം ചെയ്യാന്‍ കഴിഞ്ഞത് ആശ്വാസമാണ്.നഗരപാതാ പദ്ധതിയിലെ 6 റോഡുകളും പണി പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തി തടസ്സപ്പെട്ടു കിടക്കുകയായിരുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലെ നിര്‍മിതികള്‍ നീക്കം ചെയ്യാനും മരങ്ങള്‍ മുറിച്ചുമാറ്റാനും വൈദ്യുതി, ടെലിഫോണ്‍, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ലൈനുകള്‍ മാറ്റാനും അടിയന്തര നടപടി വേണമെന്ന് യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി വാസുദേവന്‍, സുനില്‍ ഇന്‍ഫ്രെയിം, പ്രദീപ് മാമ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.