മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ടേക്ക് ഓഫിന് മുമ്പ് പുക. വിമാനത്താവളത്തെ പരിഭ്രാന്തിയിലാക്കിയ സംഭവത്തില്‍ സന്ദര്‍ഭോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവായി.
ഇന്ന് രാവിലെ ഒമാന്‍ സമയം 11.30 ഓടേയാണ് സംഭവം. ടേക്ക്് ഓഫിനുള്ള അന്തിമ ഒരുക്കത്തിനിടെ വിമാനത്തിനുള്ളില്‍ നിന്നാണ് പുക ഉയര്‍ന്നത്. തുടര്‍ന്ന് സുരക്ഷാ വിഭാഗം കുതിച്ചെത്തി യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്നാണ് പുക ഉയര്‍ന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിന് വിമാനം ടാക്സിവേയിലേക്ക് നീങ്ങുന്ന സമയത്താണ് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ സുരക്ഷാ വാതിലുകളിലൂടെ യാത്രക്കാരെ മുഴുവനും പുറത്തെത്തിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ഒഴിച്ച് പുക കെടുത്തി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. സുരക്ഷാവിഭാഗം വിമാനത്തില്‍ പരിശോധന ആരംഭിച്ചു.