കോഴിക്കോട്: കാലവര്‍ഷം എത്തിയില്ല. അതിന് മുന്നോടിയായുളള മഴ കനത്തതോടെ തന്നെ നഗരത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി. കാലവര്‍ഷം തുടങ്ങിയാല്‍ എന്താകും സ്ഥിതി എന്നാലോചിച്ച് നടുങ്ങുകയാണ് നഗരവാസികള്‍. രാജാജി റോഡ്, പുതിയ ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ ഇന്നലെ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു.
ഓവുചാല്‍ പദ്ധതി ഏറെക്കുറെ കാര്യക്ഷമമായി നടത്തിയ സ്ഥലത്താണ് വെള്ളപ്പൊക്കം രൂക്ഷമായത്. ഇതോടെ ഇരുചക്രവാഹനക്കാരും മറ്റും ദുരിതത്തിലായി. കാല്‍നടയാത്രക്കാരുടെ കാര്യം പറയാനുമില്ല. കോര്‍പറേഷന്‍ അമൃത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്ന ആവിക്കല്‍തോട് ഭാഗത്ത് നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലാണ്. രണ്ടും മൂന്നും സെന്റ് സ്ഥലങ്ങളിലാണ് ഇവിടെ വീടുകള്‍ ഉള്ളത്. മുറ്റത്ത് മാത്രമല്ല, വീടിന്റെ അകത്തും വെള്ളം കയറി. സാധനസാമഗ്രികള്‍ പലരും മാറ്റിത്തുടങ്ങി. എങ്ങോട്ടുപോകും എന്നറിയാതെ വിഷമിക്കുകയാണ് ഇവിടെയുള്ളവര്‍.
ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനമൊന്നും തുടങ്ങിയിട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ നിന്ന് 400ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമാകാന്‍ ഇടയില്ല. അതിനിടെയാണ് ഇവിടെ പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. പ്ലാന്റ് വരുന്നതോടെ ഒരു വശത്തെ വീടുകള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ പെയ്ത മഴയില്‍ വെള്ളം കുത്തിയൊലിച്ചു വന്നതോടെ നാട്ടുകാരുടെ ആശങ്ക ശരിയാണെന്ന് ബോധ്യപ്പെടുകയാണ്.
ആവിയില്‍, തിരുത്തിവയല്‍, ബി.ജി റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആവിയില്‍ ഭാഗത്തെ അംഗനവാടികളുടെ മുറ്റത്ത് വരെ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. ഇതോടെ കുട്ടികളെ അംഗനവാടികളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്.
പയ്യാനക്കല്‍, നൈനാംവളപ്പ് ഭാഗത്ത് കടലാക്രമണ ഭീഷണിയുണ്ട്. ഇവിടെ പലയിടത്തും കടല്‍ഭിത്തി താഴ്ന്നു പോയിട്ടുണ്ട്. തിരമാലകള്‍ ശക്തമായി ഉയര്‍ന്നുവരുന്ന അവസ്ഥയാണ്. പയ്യാനക്കല്‍, ചാമുണ്ഡിവളപ്പ്, പള്ളിക്കണ്ടി ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്.