കോഴിക്കോട്: അമൃത് പദ്ധതിയുടെ ഭാഗമായി ആവിക്കല്‍തോടിലും കോതിയിലും നിര്‍മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തന കാലാവധി നീട്ടി നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കൗണ്‍സിലിന്റെ ശുപാര്‍ശ സര്‍ക്കാറിനെ അറിയിക്കും. പദ്ധതിയുടെ നിര്‍മാണചെലവ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളുടെ എതിര്‍പ്പ് കാരണം പദ്ധതിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. അതേസമയം, ഡി.പി.ആറില്‍ പിഴവുണ്ടെന്ന തദ്ദേശവകുപ്പിന്റെ കണ്ടെത്തല്‍ കൗണ്‍സില്‍ നിരാകരിച്ചു. ഡി.പി.ആര്‍ തയാറാക്കിയ റാം ബയോളജിക്കലിനെതിരെ പ്രതിപക്ഷനേതാവ് കെ.സി ശോഭിത നല്‍കിയ അടിയന്തര പ്രമേയത്തിന് മേയര്‍ ഡോ. ബീന ഫിലിപ്പ് അനുമതി നിഷേധിച്ചു. അമൃത് പദ്ധതിക്കുവേണ്ടി വിവിധ ജില്ലകളിലായി 400 കോടിയുടെ പ്രവൃത്തിയുടെ ഡി.പി.ആര്‍ തയാറാക്കിയ റാം ബയോളജിക്കലിന് വലിയ വീഴ്ച സംഭവിച്ചതായി കെ.സി ശോഭിത അടിയന്തര പ്രമേയത്തില്‍ കുറ്റപ്പെടുത്തി. കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തിയ തദ്ദേശവകുപ്പിന്റെ നടപടി സ്വാഗതം ചെയ്തു. റാം ബയോളജിക്കലിന് വന്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മേയര്‍ പറഞ്ഞു.
ബീച്ചില്‍ തുറമുഖവകുപ്പിന്റെ സ്ഥലത്ത് അനധികൃതമായി കെട്ടിടം നിര്‍മിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ എസ്.കെ അബൂബക്കര്‍ നടത്തിയ ശ്രദ്ധക്ഷണിക്കല്‍ ബഹളത്തിന് ഇടയാക്കി. സി.പി.എമ്മിലെ ഒരു ഉന്നതന് സംഭവത്തില്‍ പങ്കുണ്ടെന്നായിരുന്നു അബൂബക്കറിന്റെ ആരോപണം. ഇതിനെതിരെ സി.പി.എമ്മിലെ സി.പി സുലൈമാന്‍ രംഗത്തെത്തി. അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് തുറമുഖവകുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അവരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് പറഞ്ഞു. സുലൈമാന്‍ എസ്.കെ അബൂബക്കറിന് എതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു.