കോഴിക്കോട്: മലയാള ദിനം ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വാരാഘോഷം തുടങ്ങി. ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണ് പരിപാടികള്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരി ഡോ. ഖദീജ മുംതാസ് വിശിഷ്ടാതിഥി ആയിരുന്നു.
മലയാണ്മ ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
നവംബര്‍ രണ്ടിന് കോഴിക്കോട് ബീച്ചില്‍ കഥാ – കവിത അരങ്ങു നടത്തും. പ്രശസ്ത എഴുത്തുകാരന് കല്‍പ്പറ്റ നാരായണന് പരിപാടിക്ക് നേതൃത്വം നല്‍കും. സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ എഴുത്തുകൂട്ടവുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഥാകൃത്തുക്കളായ മുണ്ടൂര്‍ സേതുമാധവന്, കെ ഉണ്ണികൃഷ്ണന്, വി. പി ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എഴുത്തുകാരും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും കഥയും കവിതകളും അവതരിപ്പിച്ച് സംവാദങ്ങള്‍ നടത്തും.
നവംബര്‍ നാലിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തര്‍ജ്ജമ മത്സരം, ഭരണ ഭാഷാ ക്വിസ്, സ്കൂള്‍, കോളേജ്, വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ഉപന്യാസ രചന, മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ നാല് മണി വരെ തര്‍ജ്ജമ മത്സരം, ഭരണഭാഷാ ക്വിസ് മത്സരം, എന്നിവ നടക്കും. അന്നേ ദിവസം വൈകുന്നേരം നാല് മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചന മത്സരവും നടത്തും.
നവംബര്‍ അഞ്ചിന് ഉച്ചക്ക് ശേഷം 3:30 ന് വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, രചന മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.