മംഗളൂരു: ദുബായില്‍നിന്ന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ മലയാളി ഉള്‍പ്പെടെ രണ്ട് യാത്രക്കാരില്‍നിന്നായി 23,09,200 രൂപയുടെ 57.5 പവന് സ്വര്‍ണം പിടികൂടി.കാസര്‍കോട് മംഗല്പാടി ചെറുഗോളി തോട്ട ഹൗസില്‍ മുഹമ്മദ് ഇംതിയാസില്‍(24)നിന്ന് 773080 രൂപയുടെ 154 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തത്. ഇയാള്‍ ധരിച്ചിരുന്ന ബനിയന്റെ ഉള്ളിലും സോക്സിനകത്തും പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്. ഞായറാഴ്ച ദുബായില്‍നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.
മറ്റൊരു കേസില്‍ മംഗളൂരു ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് അസീബി(29)ല്‍നിന്ന് 15,36,120 രൂപ വിലമതിക്കുന്ന 306 ഗ്രാം സ്വര്‍ണം പിടിച്ചു. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുള്ളിലൊളിപ്പിച്ചു കടത്താനുള്ള ശ്രമമായിരുന്നു. ദുബായില്‍നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനാണിയാള്‍. കസ്റ്റംസ് ഉദ്യോഗസ്ഥരായ വി.എസ്. അജിത്കുമാര്‍, ശുഭ ഷാലറ്റ് റോഡ്രിഗസ്, വെങ്കപ്പ നായിക്, ചേതന്‍ കൗസിക് തുടങ്ങിയവര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്.