കോഴിക്കോട് :സ്ഫടിക തുണ്ടുകളില്‍ കരവിരുതിന്റെ പ്രൗഢി തീര്‍ത്ത് കുപ്പിവളകളുമായി മലബാര്‍ ക്രാഫ്റ്റ് മേളയെ വര്‍ണ്ണാഭമാക്കുകയാണ് ദില്ലിയില്‍ നിന്നെത്തിയ മുഹമ്മദ് യാമീന്‍. പച്ച, ചുവപ്പ്, നീല, കറുപ്പ് തുടങ്ങി യാമീന്റെ ശേഖരത്തില്‍ അനേകം നിറങ്ങളിലുള്ള വളകളാണ് ഉള്ളത്. പൂര്‍ണ്ണമായും ഗ്ലാസില്‍ നിര്‍മിച്ച വളകള്‍ അത്ര വേഗത്തില്‍ പൊട്ടുകയില്ലെന്നതാണ് പ്രത്യേകത. ഇത് അനുഭവസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഫിറോസാബാദില്‍ നിന്നും നിര്‍മ്മാണ വസ്തുക്കള്‍ വാങ്ങി കൈ കൊണ്ട് പണിതെടുക്കുന്നവയാണ് ഇവ. ഉത്തരേന്ത്യന്‍ സ്ത്രീകള്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന തരത്തിലുള്ള ഈ വളകള്‍ക്ക് മേളയിലും പ്രിയമേറെ. അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ, മുന്‍ ഗവര്‍ണറും ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് എന്നിവരെല്ലാം യാമീന്റെ വളകള്‍ അണിഞ്ഞിട്ടുണ്ട്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ചാണ് 80 വയസ് പ്രായമുള്ള യാമീന്‍ വളകള്‍ വില്‍ക്കുന്നത്.
സ്വപ്നനഗരിയില്‍ നടക്കുന്ന വ്യവസായ- വാണിജ്യ വകുപ്പിന്റെ ക്രാഫ്റ്റ് മേളയില്‍ കേരളം ഉള്‍പ്പെടെ 30 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്. മേള 16 വരെ തുടരും.