കോഴിക്കോട്: വടകര നഗരസഭയുടെ കളരി നഗരം മര്‍മ്മാണി തോപ്പ് പദ്ധതിയുടെ ഭാഗമായി പഴങ്കാവ് വാര്‍ഡില്‍ ഔഷധസസ്യ തൈകള്‍ നട്ടുപിടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്.
ഔഷധസസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമായി നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് കളരി നഗരം മര്‍മ്മാണി തോപ്പ്. കളരി അഭ്യാസങ്ങള്‍ക്കും ചികിത്സക്കും പേരുകേട്ട വടകരയില്‍ മരുന്നുകൂട്ടുകള്‍ക്കുള്ള ഔഷധച്ചെടികള്‍ കിട്ടാതാകുന്നത് പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ 47 വാര്‍ഡുകളിലെ വിവിധ ഭാഗങ്ങളിലായി 100 ഏക്കര്‍ സ്ഥലത്ത് ഔഷധച്ചെടികള്‍ വെച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരസഭ ചെയര്‍പേഴ്‌സന്‍ കെ പി ബിന്ദു ശതാവരി തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതിയില്‍ ഉള്‍പ്പെട്ട വാര്‍ഡുകളിലേക്കുള്ള ഔഷധസസ്യ തൈകള്‍ ഉടന്‍ വാര്‍ഡുകളില്‍ എത്തിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി പി ബാലകൃഷ്ണന്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, വാര്‍ഡ് വികസന കണ്‍വീനര്‍ അനീജന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.