കുന്നംകുളം : ചോര്‍ന്നൊലിക്കുന്ന മണ്ണ് പുരയില്‍ നിന്ന് മോചനം ലഭിച്ച സന്തോഷത്തിലാണ് ചിറമനങ്ങാട് അമ്പലത്ത് വീട്ടില്‍ മുഹമ്മദലി. നീണ്ട കാത്തിരിപ്പിനൊടുവില്‍ മിച്ചഭൂമി പട്ടയമാണ് ഈ 73 കാരന് സ്വന്തമായത്. അസുഖ ബാധിതയായ ഭാര്യ സഫിയയുമൊത്ത് ഇടിഞ്ഞു വീഴാറായ വീട്ടില്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ കൊണ്ടാണ് ഇരുവരുടെയും ജീവിതം മുന്നോട്ട് പോകുന്നത്.
പെരുമ്പിലാവിനടുത്തുള്ള പള്ളിയില്‍ ബാങ്കുവിളിയും പള്ളി വൃത്തിയാക്കലുമായാണ് ഉപജീവനം കഴിഞ്ഞിരുന്നത്. ഭാര്യയുടെ അസുഖത്തെ തുടര്‍ന്ന് അഞ്ച് കൊല്ലമായി തൊഴിലിനും പോകാനാകാത്ത അവസ്ഥയാണ്. തകര്‍ന്ന വീടിനുള്ളില്‍ ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് ചിന്തിച്ചിരിക്കെയാണ് സര്‍ക്കാരില്‍ നിന്നും പട്ടയം ലഭിക്കുന്നതെന്ന് മുഹമ്മദലി പറയുന്നു. 20 വര്‍ഷമായി പട്ടയത്തിന് വേണ്ടി കയറിയിറങ്ങാത്ത സ്ഥലമില്ല. രണ്ട് തവണ പട്ടയത്തിന് അപേക്ഷ കൊടുത്തെങ്കിലും നിരാശയായിരുന്നു ഫലമെന്നും മുഹമ്മദലി പറയുന്നു. ഇനി സര്‍ക്കാരിന്റെ സഹായത്തോടെ ചെറിയൊരു വീട് പണിയണമെന്ന ആഗ്രഹമാണ് ഇവര്‍ക്കുള്ളത്.