കാസര്‍കോട് : മോട്ടോര്‍ വാഹന വകുപ്പിന്റെ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. ആര്‍ടി ഓഫിസില്‍ നിന്ന് 2000 രൂപയും ഏജന്റിന്റെ കൈവശത്തു നിന്ന് 3000 രൂപയുമാണ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
ദേശീയപാത വഴി കടന്നു പോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്ന് സര്‍ക്കാരിലേക്ക് അടക്കേണ്ട വിവിധ തുകയില്‍ കുറവു വരുത്തുകയും രാത്രിയില്‍ ഡ്രൈവര്‍മാരില്‍ നിന്നു വ്യാപകമായി കൈക്കൂലി വാങ്ങുകയും ചെയ്യൂന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം രാത്രി പരിശോധന നടത്തിയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ പരിശോധന നടത്താതെ കടത്തി വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഡ്രൈവര്‍മാരില്‍ നിന്നു വാങ്ങുന്ന കൈക്കൂലി പണം ഇടക്കിടെ എജന്റുമാര്‍ മുഖേന അവിടെ നിന്നു മാറ്റുകയാണു പതിവു രീതി. ഇങ്ങനെ മാറ്റുന്ന ഒരു ഏജന്റില്‍ നിന്നാണ് 3000 രൂപയും പിടിച്ചെടുത്തതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്ത് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കെ.വി.വേണുഗോപാല്‍ പറഞ്ഞു.