മലപ്പുറം: സ്വാതന്ത്ര്യസമര സേനാനിയും അഭിഭാഷകനും തിയോസഫിക്കല്‍ സൊസൈറ്റി പ്രവര്‍ത്തകനുമായിരുന്ന മഞ്ചേരി രാമയ്യര്‍ക്ക് ആദരമര്‍പ്പിച്ച് തപാല്‍വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കും. നാളെ മഞ്ചേരി പോസ്റ്റ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി അലക്സാണ്ടര്‍ തോമസ് കവര്‍ പ്രകാശനം ചെയ്യും.
തഞ്ചാവൂരില്‍ നിന്നുള്ള തമിഴ്ബ്രാഹ്മണകുടുംബത്തിലാണ് രാമയ്യരുടെ ജനനം. സുന്ദരയ്യരുടെയും അന്നപൂര്‍ണയുടെയും മകനാണ്. പാലക്കാട് ആണ് സ്വദേശം. കൊല്ലങ്കോട് രാജാവാണ് സുന്ദരയ്യയുടെ കുടുംബത്തെ പാലക്കാട് എത്തിച്ചത്. പിന്നീട് സുന്ദരയ്യര്‍ മഞ്ചേരിയില്‍ സ്ഥിരതാമസമാക്കി. രാമയ്യരുടെ മകന് മഞ്ചേരി സുന്ദര്‍രാജ് കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനാണ്. അഞ്ചുതലമുറകളായി അഭിഭാഷകവൃത്തിയില്‍ നിറഞ്ഞുനില്ക്കുന്ന കുടംബമാണ്. തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ച ഡോ. ആനി ബസന്റിന്റെ അടുത്ത അനുയായിയായി രാമയ്യര് മാറുകയുണ്ടായി. കോഴിക്കോട്ടെ ആനിഹാള്‍ റോഡില്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. അഡ്വ. മഞ്ചേരി സുന്ദര്‍രാജിന്റെ ഓഫീസിന് സമീപമാണിത്.
മലബാറിലെ ജാതിവ്യവസ്ഥയെ ശക്തമയി എതിര്‍ത്ത രാമയ്യര്, ആര്യസമാജം, ബ്രഹ്മസമാജം, മഹാബോധി ബുദ്ധന് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇതിന്റെ കൂട്ടായ്മയായ ബ്രഹ്മവിദ്യാസംഘത്തിന്റെ പ്രചാരകനായി.