തിരുവനന്തപുരം: മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട യുവതിയുടെ മൃതദേഹവും കണ്ടെത്തി. കാണാതായ നെടുമങ്ങാട് സ്വദേശിനി ഷാനി (37) ആണ് മരിച്ചത്. ഷാനിയുടെ ബന്ധുവായ ഒന്‍പതു വയസ്സുകാരി നസ്രിയ ഫാത്തിമയും അപകടത്തില്‍ മരിച്ചിരുന്നു.
ഒഴുക്കില്‍പെട്ട് കാണാതായ നസ്രിയയെ നദിക്കരയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നസ്രിയയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാനി അപകടത്തില്‍പ്പെട്ടത്. ഷാനിയെ കണ്ടെത്താന്‍ രാത്രി വൈകിയും അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ടാണ് മങ്കയം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു.