എം.എൽ.എയുടെ ഇടപെടൽ തുണയായി
മംഗളൂരു: തിങ്കളാഴ്ച പുലർച്ചെ മംഗളൂറുവിൽ നിന്ന് കാണാതായ ബംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ നിന്നുള്ള ഭാർഗവിയെ(14) ഗോവയിൽ കണ്ടെത്തി.മംഗളൂറു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത് തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത അറിയിപ്പും അഭ്യർത്ഥനയുമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മംഗളൂരു കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് കുട്ടി ഓട്ടോയിൽ കയറുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.മുക്ക ബീച്ചിലും കദ്രി പാർക്കിലും പോവണം എന്നാണ് റിക്ഷാ ഡ്രൈവറോട് പറഞ്ഞത്.അമ്മാവന്റെ വീട് കദ്രിയിലാണെന്നും അറിയിച്ചു.
പിന്നീട് ഒരു വിവരവും ഇല്ലാതായി.സംഭവം അറിഞ്ഞ എംഎൽഎ കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.എന്തെങ്കിലും സൂചന ലഭിച്ചാൽ 112 നമ്പറിൽ അറിയിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഗോവയിൽ നിന്ന് പനാജി പൊലീസ് കുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് എംഎൽഎ ജനങ്ങളെ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അനുമോദിച്ചു.