തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടി രാജ്ഭവനെ നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്.
ഭീഷണിപ്പെടുത്തി ഗവര്‍ണറെ നിശബ്ദനാക്കാം എന്നു കരുതുന്നുണ്ടെങ്കില്‍ വെറുതെയാണ്. മുഖ്യമന്ത്രിക്ക് പാര്‍ട്ടിക്കമ്മിറ്റികളില്‍ ഇതു ചെയ്ത് ശീലമുണ്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ അതു ചെയ്തോട്ടെ. രാജ്ഭവനെ അങ്ങനെ വിരട്ടിയിട്ട് നിശബ്ദമാക്കാം എന്നു വിചാരിച്ചു കഴിഞ്ഞാല്‍, അത് നടക്കില്ലെന്നു മനസ്സിലാക്കണം. കാരണം, അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് എടുക്കുക എന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയമാണ്. ഇവിടെ ഗവര്‍ണര്‍ എടുത്തിരിക്കുന്നതും അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാടാണ്. അതുകൊണ്ടുതന്നെ ആ നിലപാട് ജനങ്ങളുടെ താല്പര്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗവര്‍ണര്‍ എത്തുന്ന വേദികളില്‍ ജനം അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതും സ്വീകരിക്കുന്നതും നിങ്ങള്‍ കാണുന്നുണ്ടാകുമെന്നും വി.മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി ചോദിക്കുന്നത് അദ്ദേഹത്തിന്റെ ഓഫിസിലെ സ്റ്റാഫിന്റെ ഭാര്യയ്ക്ക് ജോലിക്ക് അപേക്ഷിക്കാന്‍ അവകാശമില്ലേ എന്നാണ്. അപേക്ഷിക്കാനുള്ള അവകാശമൊക്കെയുണ്ട്. പക്ഷേ, നിയമത്തിന് അനുസരിച്ചിട്ടായിരിക്കണം നിയമനം. അല്ലാതെ സ്റ്റാഫിന്റെ ഭാര്യയാണ് എന്ന പ്രത്യേക പരിഗണന നല്കി നിയമിക്കുന്നത് അഴിമതിയാണ്. മുഖ്യമന്ത്രി മുന്‍പും ഇത്തരം നിലപാട് കൈക്കൊണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസിലുള്ള വ്യക്തി കള്ളക്കടത്തിനു കൂട്ടുനിന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ഞാനറിഞ്ഞിട്ടില്ല എന്നാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും സുപ്രധാനമായ പദവിയിലിരിക്കുന്ന വ്യക്തിയുടെ ഭാര്യയ്ക്ക് സ്വാധീനം ഉപയോഗിച്ച് ഈ നാട്ടിലെ യോഗ്യതയും കഴിവുമുള്ള ചെറുപ്പക്കാരുടെ അവസരം തട്ടിത്തെറിപ്പിച്ച് നിയമനം നല്കുമ്പോള് മുഖ്യമന്ത്രി അക്കാര്യം അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നതെങ്കില്‍, അത് അദ്ദേഹത്തിന്റെ കഴിവില്ലായ്മയാണ് . മുരളീധരന് പരിഹസിച്ചു.