തിരുവനന്തപുരം: ഭിന്നശേഷി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തെളിച്ച ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ ആരംഭിക്കുന്ന യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്ററിന്റെ ആദ്യവേദിക്ക് ഇന്ന് തിരശ്ശീല ഉയർന്നു. പ്രകൃതിയെ നോക്കി, തത്സമയം വരക്കുന്നതിനു ഒരുക്കിയ ആര്‍ട് ടവര്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭദ്രദീപം തെളിയിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ചലച്ചിത്ര സംവിധായകനും മാജിക് അക്കാദമി രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഗോപിനാഥ് മുതുകാട് സ്വാഗതം പറഞ്ഞു. മാനേജര്‍ ജിന്‍ ജോസഫ് നന്ദിയും പറയും.
ലോകത്താദ്യമായാണ് കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് അതിലൂടെ വരുമാനം ലഭിക്കുന്നതിന് ഭിന്നശേഷിക്കാര്‍ക്ക് ഒരു സെന്റര്‍ ഒരുങ്ങുന്നത്. നാല് ഏക്കറില്‍ വിരിയുന്ന ലോകോത്തര വിസ്മയത്തിലേക്കുള്ള പ്രവേശന കവാടം എന്ന നിലയിലാണ് ആര്‍ട് ടവര്‍ എന്ന ആദ്യവേദിക്ക് തിരശ്ശീല ഉയർന്നത്.
ഭിന്നശേഷിക്കാര്‍ക്ക് ലാന്‍ഡ് സ്കേപ്പിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സജ്ജീകരണങ്ങളും, മാതൃകകള്‍ തത്സമയം കണ്ട് ക്യാന്‍വാസുകളില്‍ ചിത്രങ്ങള്‍ വരക്കുന്നതിനുള്ള സൗകര്യങ്ങളും ആര്‍ട് ടവറില്‍ ഒരുക്കിയിട്ടുണ്ട്.
വൃത്താകൃതിയിലുള്ള ഗോപുരത്തിന്റെ മാതൃകയിലാണ് ടവര്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് വശത്തായി ചിറകുകള് പോലെ വ്യാപിച്ചിരിക്കുന്ന ഇടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് യഥേഷ്ടം വരക്കാനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവര്‍ വരക്കുന്ന ചിത്രങ്ങള്‍ ടവറിന്റെ വിവിധ തട്ടുകളില്‍ പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ക്ക് ചിത്രരചനകള്‍ നേരിട്ട് കാണുവാനും പെയിന്റിംഗ്സ് വാങ്ങുവാനുമുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. 4 നിലകളിലായാണ് ടവര്‍ ഉയര്ന്നുനില്ക്കുന്നത്.
യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്ററില്‍ ഭിന്നശേഷിക്കാർക്ക്, കലാപരമായ തൊഴില്‍ ചെയ്യുന്നതിന് നിരവധി വേദികളാണ് ഒരുക്കിയിരിക്കുന്നത്. അതില്‍ ആദ്യത്തേതാണ് ആര്‍ട് സെന്റര്‍. കൂടാതെ, തീയേറ്ററുകള്‍, തെറാപ്പി സെന്ററുകള്‍, അഗ്രികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, സ്പോര്‍ട്സ് സെന്റര്‍ തുടങ്ങിയവയും ഒരുങ്ങുന്നു. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഈ സെന്ററുകളിലൂടെ സൗജന്യ സേവനം ലഭിക്കും. 2019 ല്‍ ആരംഭിച്ച ഡിഫറന്റ് ആര്‍ട് സെന്ററിന്റെ തുടര്‍ച്ചയായാണ് യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ (യു.ഇ.സി) ഒരുക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.