കോഴിക്കോട്:മദ്യലഹരിയില്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്ക് യാത്രക്കാരന്റെ തലയ്ക്ക് ബിയര്‍ കുപ്പി കൊണ്ടടിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂര്‍ ചേലക്കര സ്വദേശി ഇപ്പോള്‍ കുന്ദമംഗലം അരുണോളിച്ചാലില്‍ വി.എം രഞ്ജിത്ത്്(24), വെള്ളിപറമ്പ് ചെറുകുന്നത്ത് പി.സി അക്ഷയ്(22), കുന്ദമംഗലം പുല്പറമ്പില് വി.ആര് ഹരികൃഷ്ണന്(24) എന്നിവരാണ് പിടിയിലായത്.

സെപ്റ്റംബര്‍ 26ന് മാവൂര്‍ റോഡില്‍ അക്രമം നടത്തിയ ഇവര്‍ പുതിയാപ്പ സ്വദേശി എടക്കല്താഴ ദിപിനെ ബൈക്ക് ഓടിച്ച് പോകുമ്പോള്‍ പിറകില്‍ നിന്നും ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചത്.

ഇതിലെ പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലില്‍ രഞ്ജിത്തിനെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കി കണ്ണൂര്‍ ജില്ലയിലെ ഇരട്ടിക്കടുത്തുള്ള പഴശ്ശി ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്ന പ്രതിയെ നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിരവധി ദിവസങ്ങളുടെ അന്വേഷണത്തില്‍ നിന്നും പിടികൂടി. അതിന് ശേഷം ചോദ്യം ചെയ്ത പ്രതിയില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണന് എന്നിവരേയും അവര്‍ അന്ന് ഉപയോഗിച്ച ഹോണ്ട എക്സ് പ്ലസ് വാഹനവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികള്‍ മുന്‍പും സമാന കുറ്റകൃത്യങ്ങളില്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടിട്ടുള്ളവരാണ്. സബ് ഇന്‍സ്പെക്ടര്‍ കൈലാസ് നാഥ്,എ.എസ്.ഐ എന്‍. പവിത്ര കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍ തുടങ്ങിയവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.