കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോഴിക്കോട് ചതുരംഗപ്പടയും സംയുക്തമായി സംഘടിപ്പിക്കുന്ന ബീച്ച് ചെസ് ഫെസ്റ്റ് മേയ് മൂന്നു മുതല്‍ എട്ടുവരെ നടക്കും. വിനോദസഞ്ചാരമേഖലയില്‍ പുതിയ കാല്‍വെപ്പ് എന്ന നിലയിലാണ് നാഷണല്‍ ബീച്ച് ചെസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മത്സരത്തിനുശേഷം എല്ലാ ദിവസവും എ.സി വാഹനങ്ങളില്‍ നഗരം ചുറ്റാന്‍ സൗകര്യം ഉണ്ടായിരിക്കും. മേയ് മൂന്നിന് സരോവരം പാര്‍ക്ക് സന്ദര്‍ശിക്കും. നാലിന് ബേപ്പൂര്‍ ഫ്‌ളോട്ട് ബ്രിഡ്ജ്, അഞ്ചിന് കാപ്പാട് ബീച്ച്, ഏഴിന് വയനാട് ചുരം, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്കാണ് യാത്ര.
ഓരോ ദിവസവും വിവിധ പ്രായവിഭാഗങ്ങളിലായാണ് കളി നടക്കുക. ആദ്യദിവസം എട്ടുവയസ്സിന് താഴെയുള്ളവര്‍ക്കാണ് മത്സരം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അണ്ടര്‍ 10,12,14, 16 സീനിയര്‍ വിഭാഗങ്ങളില്‍ മത്സരം നടക്കും. മത്സരവേദിയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും എന്‍ട്രന്‍സ് ഫീ അടച്ച് മത്സരത്തില്‍ പങ്കെടുക്കാം. 300 മുതല്‍ 500 രൂപവരെയാണ് വിവിധ പ്രായക്കാര്‍ക്കുള്ള എന്‍ട്രി ഫീസ്. വിജയികള്‍ക്ക് മൊത്തം ഒരുലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കും.