തിരുവനന്തപുരം: കെഎസ്ഇബി ചെയര്മാന് ഡോ.ബി.അശോകിന് സ്ഥാനചലനം. പകരം മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജന് ഖൊബ്രഗഡേ പുതിയ ചെയര്‍മാനാവും. ബി.അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി രമ്യതയിലല്ലാതിരുന്ന അശോകിനെ മാറ്റാന്‍ വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു.
കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാന്‍ ഇരിക്കെയാണ് അശോകിനെ മാറ്റുന്നത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ചെയര്‍മാനെതിരെ ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോള്‍ മറുവശത്ത് ഐഎഎസ് അസോസിയേഷന് അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നു. മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും ഉടനടി ഒരു നടപടി സര്‍ക്കാരില്‍ നിന്നുണ്ടായില്ല.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജന് കോബ്രഗഡ. മൂന്നാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പില്‍ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. ഈ സ്ഥലംമാറ്റത്തില്‍ അദ്ദേഹം അതൃപ്തനാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.