കോഴിക്കോട്: ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ച വനിതാ ആക്ടവിസ്റ്റ്
ബിന്ദു അമ്മിണിക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഇന്ന് വൈകുന്നേരമാണ് വെള്ളയില്‍ ബീച്ചില്‍ വെച്ച് ഒരാള്‍ ബിന്ദുഅമ്മിണിയെ മര്‍ദിച്ചത്. ബിന്ദു അയാളെ തിരിച്ചടിച്ചതായും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ കാണുന്നു. മര്‍ദിക്കുന്ന ആളിന്റെ വസ്ത്രം അഴിഞ്ഞുവീണ നിലയിലാണ്. ബിന്ദുവിനെ തള്ളി നിലത്തിട്ട് പുറത്ത് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഇതുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി വെള്ളയില്‍ സ്റ്റേഷനില്‍ പരാതി നല്‍കി. മര്‍ദ്ദിച്ച ആളിന്റെ വിവരങ്ങള്‍ അറിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച മുമ്പ് കൊയിലാണ്ടിയില്‍ വെച്ചും ബിന്ദുഅമ്മിണിക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. ഓട്ടോറിക്ഷ കയറ്റി അപായപ്പെടുത്താനായിരുന്നു ശ്രമം. ഈ കേസിലും നടപടികളൊന്നുമുണ്ടായിട്ടില്ല. കൊയിലാണ്ടിക്കടുത്ത് പൊയില്‍ക്കാവിലാണ് ബിന്ദുഅമ്മണി താമസിക്കുന്നത്. അതേസമയം, മര്‍ദിച്ച ആള്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്.