കാസര്‍കോട്: കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല ‘ബബിയ’യുടെ ജീവന്‍ ജഡം പൊങ്ങിയതിന്റെ 34 മണിക്കൂര്‍ മുമ്പ് നഷ്ടമായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ച 12മണിയോടെ മുതല ചത്തിരുന്നു.ഞായറാഴ്ച രാത്രി പത്തോടെ ജഡം പൊങ്ങി.
പ്രായാധിക്യമാണ് മരണകാരണം.കുറേനാളായി ആഹാരം വളരെ കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂ എന്ന് ക്ഷേത്രം ജീവനക്കാര്‍ പറഞ്ഞു.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുതലയെ സംസ്‌കരിച്ച ക്ഷേത്ര പരിസരത്ത് ബബിയ ഭക്തര്‍ക്കായി സ്മാരകം പണിയാന്‍ ആലോചനയുണ്ട്.
തിരുവനന്തപുരം ശ്രീ അനന്തപത്മനാഭ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് കുമ്പള അനന്തപുരം ക്ഷേത്രം അറിയപ്പെടുന്നത്.
ക്ഷേത്രക്കുളത്തിലുണ്ടായിരുന്ന മുതലയെ ബ്രിട്ടീഷ് സൈനികന്‍ വെടിവെച്ചുകൊന്നുവെന്നും ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊന്ന് പ്രത്യക്ഷപ്പെട്ടുവെന്നുമുള്ള വിശ്വാസം പുലര്‍ത്തുന്നവര്‍ക്ക് ബബിയ ഭക്തികേന്ദ്രമായിരുന്നു. മറ്റുള്ളവര്‍ക്ക് കൗതുകവും.
സസ്യഭുക്കായിരുന്ന മുതല ഭക്തര്‍ക്ക് മറ്റൊരു ആകര്‍ഷണമായി.ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താനും പൂജക്കുമായി പല ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ അനന്തപുരം ക്ഷേത്രദര്‍ശനത്തിന് എത്തുമ്പോള്‍ ബബിയയെ കാണാനും ശ്രമിച്ചിരുന്നു.