കൊച്ചി: ബംഗാള്‍ ഗവര്‍ണറായ ശേഷം കേരളത്തിലെത്തിയ സി.വി.ആനന്ദബോസിന്റെ നെടുമ്പാശേരിയിലെ സ്വീകരണത്തില്‍ ബിജെപിയിലെ ഔദ്യോഗിക വിഭാഗം വിട്ടുനിന്നു. ഔദ്യോഗിക വിഭാഗത്തിലെ പ്രധാന നേതാക്കളാരും സ്വീകരിക്കാനെത്തിയില്ല. ഔദ്യോഗിക വിഭാഗത്തിനൊപ്പമുള്ള ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈജുവും സ്വീകരണത്തില്‍ നിന്നും വിട്ടു നിന്നു. സംസ്ഥാന നേതാക്കളില്‍ എ.എന്‍.രാധാകൃഷ്ണന്‍ മാത്രമാണ് പങ്കെടുത്തത്. ബിജെപി നേതൃത്വം ചുമതലയില്‍ നിന്നൊഴിവാക്കിയ പി.ആര്‍.ശിവശങ്കറും ശോഭാ സുരേന്ദ്രനും സ്വീകരണത്തിനെത്തി.
ബംഗാള്‍ ഗവര്‍ണറായ ശേഷം ആദ്യമായാണ് സി.വി.ആനന്ദബോസ് കേരളത്തിലെത്തുന്നത്. അതേസമയം, കേരളത്തിലെ സാധാരണ ജനങ്ങളോട് അതിയായ നന്ദിയുണ്ടെന്ന് സി.വി.ആനന്ദബോസ് പറഞ്ഞു. മലയാളി എന്നതില്‍ അഭിമാനിക്കുന്നു. കേരളത്തിലെ പുതുതലമുറ രാജ്യത്തെ നയിക്കും. കേരളത്തിലേയും ബംഗാളിലേയും പുതുതലമുറക്കായി എന്റെ സ്ഥാനം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിപദം വഹിച്ചിട്ടുള്ള ആനന്ദബോസ് മികച്ച ഉദ്യോഗസ്ഥനെന്നു പേരുകേട്ടയാളാണ്. ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന മമതാ സര്‍ക്കാരിന്റെ ബംഗാളിലാണ് ആനന്ദബോസിന്റെ നിയോഗം എന്നതാണ് ശ്രദ്ധേയം. ബിജെപി.യില്‍ അംഗമായ ആനന്ദബോസിനെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചതാണെങ്കിലും അദ്ദേഹം അതിന്വഴങ്ങിയില്ല.