കോഴിക്കോട്: മലബാറിലെ ട്രെയിന്‍യാത്രക്കാര്‍ക്ക് ശുഭവാര്‍ത്തയുമായി റെയില്‍വെ. ബംഗളുരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടാന്‍ തീരുമാനമായി. ഇന്ത്യന്‍ റെയില്‍വെ ടൈം ടേബിള്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്. റെയില്‍വെ ബോര്‍ഡിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ ഇത് നടപ്പാകും. എം.കെ രാഘവന്‍ എം.പി സതേണ്‍ റെയില്‍വെ ജനറല്‍ മാനേജരുമായി നടത്തിയ ചര്‍ച്ചയുടെ ഫലം കൂടിയാണ് ഇത്. ഇതിന് പുറമെ രണ്ടു വണ്ടികള്‍ കൂടി കോഴിക്കോടിന് ലഭിക്കും. മംഗലാപുരം-കോഴിക്കോട്-രാമേശ്വരം എക്‌സ്പ്രസ് ആണ് കോഴിക്കോടിന് പുതുതായി ലഭിക്കുന്ന വണ്ടി.
നിലവില്‍ കണ്ണൂരില്‍ നിന്ന് യശ്വന്ത്പുര വരെ പോകുന്ന വണ്ടി മാത്രമാണ് കോഴിക്കോട് നിന്ന് ബംഗളുരുവിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്രയം. ബംഗളുരു-മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് ഇവിടെയുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരും. ഈ ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണെങ്കിലും റെയില്‍വേ പരിഗണിച്ചിരുന്നില്ല. പ്ലാറ്റ്‌ഫോം അപര്യാപ്തത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ആവശ്യം നിഷേധിച്ചിരുന്നത്. മംഗലാപുരം-കോഴിക്കോട്-രാമേശ്വരം എക്സ്രപ്രസ് വരുന്നതോടെ രാമേശ്വരം, പഴനി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമാവും. ഇതിന് പുറമെ കൊടൈക്കനാല്‍ ഭാഗത്തേക്കുള്ള വിനോദസഞ്ചാരികള്‍ക്കും സഹായകരമാവും.
മൂന്നു വണ്ടികള്‍ അനുവദിക്കാനുള്ള സാഹചര്യം തെളിഞ്ഞെങ്കിലും പിറ്റ്‌ലൈന്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഇനിയും ഉറപ്പ് കിട്ടിയിട്ടില്ല. വെസ്റ്റ്ഹില്ലില്‍ പിറ്റ്‌ലൈന്‍ സ്ഥാപിക്കണമെന്ന് പതിറ്റാണ്ട് മുമ്പുള്ള ആവശ്യം ഇപ്പോഴും വനരോദനമായി അവശേഷിക്കുകയാണ്. പിറ്റലൈന്‍ വന്നാല്‍ ട്രെയിനുകളുടെ അറ്റകുറ്റപണി ഇവിടെ നടത്താന്‍ കഴിയും. തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ വിവിധ സ്ഥലങ്ങളില്‍ പിറ്റ്‌ലൈന്‍ ഉണ്ട്. എന്നാല്‍ പാലക്കാട് ഡിവിഷന്റെ കീഴില്‍ ഒരിടത്ത് മാത്രമാണ് സംവിധാനമുള്ളത്.