കോഴിക്കോട്: സംസ്ഥാനത്ത് കിഫ്ബി പദ്ധതിയില്‍ ധനാനുമതി ലഭിച്ച പദ്ധതികളില്‍ ഫറോക്ക് പേട്ട ജങ്ഷന് നവീകരണം ഉള്‍പ്പെട്ടതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നവീകരണത്തിനുള്ള സ്ഥലമെടുപ്പിനായി 7.38 കോടി രൂപയുടെ ധനാനുമതി ലഭിച്ചു.
തിരക്കേറിയ പഴയ ദേശീയ പാതയായ കോഴിക്കോട് – രാമനാട്ടുകര പാതയില്‍ ഫറോക്ക് പേട്ട മേഖല നിലവില്‍ വീതി കുറവായതിനാല്‍ ഗതാഗതം ദുഷ്കരമാണ്. പേട്ട കവലയില്‍ നിന്നും കോടമ്പുഴ റോഡിലേക്ക് പ്രവേശിക്കുന്നതിനും തടസ്സമുണ്ട്. ഇതുവഴിയുള്ള വാഹന ഗതാഗതം സുഗമമാക്കുന്നതിനും കവല നവീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിനുമായി പ്രാഥമികമായി ഭൂമി ഏറ്റെടുക്കുന്നതിനായാണ് കിഫ് ബി യില്‍ നിന്നും ഫണ്ടിന് അംഗീകാരമായത്. വേഗത്തില്‍ പ്രത്യേക പദ്ധതി തയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോര്‍ഡ് (കിഫ് ബി ) യോഗം അംഗീകരിച്ച പൊതുമരാമത്ത് വകുപ്പിന് കീഴിലെ 36 പദ്ധതികളില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ മൂന്ന് പദ്ധതികള്‍ക്കാണ് അംഗീകാരമായത്.