കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തത് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മലബാര്‍ ഉള്‍പ്പെടുന്ന ഏഴ് ജില്ലകളില്‍ 30 ശതമാനവും മൂന്ന് ജില്ലകളില്‍ 20 ശതമാനവും സീറ്റ് വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. അതോടെ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററികളില്‍ 30 ശതമാനം സീറ്റ് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
എയിഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 13,000 സീറ്റുകളും എയിഡഡ് സ്കൂളുകളില്‍ 16200 സീറ്റുമാണ് ഉള്ളത്. അണ് എയിഡഡുകളില്‍ 5272 സീറ്റുണ്ട്. മൊത്തം 34472 പ്ലസ് വണ്‍ സീറ്റാണുള്ളത്.
43496 പേരാണ് ഇത്തവണ ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായത്. 30 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചാല്‍ തന്നെ 3900 സീറ്റുകള്‍ വര്‍ധിക്കും. എയിഡഡ് സ്കൂളുകളില്‍ 3600 സീറ്റ് കൂടും.