ന്യൂഡല്‍ഹി:വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സുപ്രധാന ബില്ലായ പ്രസ് രജിസ്‌ട്രേഷന്‍ ആന്‍ഡ് പീരിയോഡിക്കല്‍സ് ബില്‍ 2022ല്‍ ഡിജിറ്റല്‍ മാധ്യമങ്ങളേയും ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം.ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തുന്നതോടെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും തുല്യമായി ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ഉയരാനാകും.ബില്ലിന്റെ കരട് രൂപം സമര്‍പ്പിച്ചപ്പോള്‍ വലിയ രീതിയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ബില്‍ അംഗീകരിക്കുന്നതോടെ രാജ്യത്തെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും പൂട്ടുവീഴുമെന്നായിരുന്നു വിമര്‍ശനങ്ങള്‍. ബില്ല് മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ഇതോടെ തങ്ങള്‍ക്ക് താത്പര്യമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയാനും അത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനും സര്‍ക്കാറിന് സാധിക്കും.
1867ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് ബുക്ക് ആക്ടിന് (പി.ആര്‍.ബി) പകരമെന്ന രീതിയിലാണ് പുതിയ ബില്ല് കൊണ്ടുവരുന്നത്. രാജ്യത്തെ പത്രങ്ങളുടേയും പ്രസ്സുകളുടേയും പ്രവര്‍ത്തനം പി.ആര്‍.ബി അനുസരിച്ചായിരിക്കും.
രജിസ്ട്രേഷനായി മാധ്യമങ്ങള്‍ പ്രസ് രജിസ്ട്രാര്‍ ജനറലില്‍ രജിസ്ട്രേഷന് അപേക്ഷിക്കണം. നിയമം പ്രാബല്യത്തില്‍ വന്ന് 90 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് അപേക്ഷ നല്‍കണമെന്നാണ് വ്യവസ്ഥ. നിയമം ലംഘിച്ചാല്‍ മാധ്യമ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ താല്‍കാലികമായി നിര്‍ത്തുകയോ പൂര്‍ണമായും റദ്ദാക്കുകയോ ചെയ്യാന്‍ കേന്ദ്രത്തിന് അധികാരമുണ്ടാകും.
പുതിയ ഭേദഗതി വരുന്നതോടെ ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പ്രസ് രജിസ്ട്രാര്‍ ജനറല്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം.നിയമം പ്രാബല്യത്തില്‍ വന്ന് 90 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ.
രാജ്യത്ത് ആദ്യമായാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ചട്ടങ്ങള്‍ വരുന്നത്. ബില്ലിന് അനുമതി ലഭിച്ചാല്‍ ഡിജിറ്റല്‍ മീഡിയയെ നിയന്ത്രിക്കുന്നത് വാര്‍ത്താ വിതരണ മന്ത്രാലയമായിരിക്കും.ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം.