ദുബൈ : പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധനവ് അപര്യാപ്ത്മാണെന്ന് ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി.
ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനായി നല്‍കിയ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചു കൊണ്ട് പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചതായി നോര്‍ക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചിരുന്നുവെങ്കിലും വര്‍ദ്ധിപ്പിച്ച തുക അപര്യാപ്തമാണെന്നും തുക വര്‍ദ്ധനവ് നിവേദനത്തില്‍ ആവശ്യപ്പെട്ട പ്രകാരമുള്ള രീതിയില്‍ നല്‍കാന്‍ തയ്യാറാകണമെന്നും കെ.എം.സി.സി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി ആവശ്യങ്ങളുന്നയിച്ച് കൊണ്ട് കേരള നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിക്ക് മുമ്പാകെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം.അഷ്റഫ് മുഖാന്തിരം നല്‍കിയ നിവേദനത്തിന്റെ ഫലമായിട്ടായിരുന്നു പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ച് കൊണ്ട് സര്‍ക്കുലര്‍ വന്നത്. പുതുക്കിയ പെന്‍ഷന്‍ പ്രകാരം പ്രവാസി കേരളീയന്‍ (വിദേശം) (1എ വിഭാഗം) 3500 രൂപയും മുന്‍ പ്രവാസി കേരളീയന്‍ (വിദേശം 1ബി), പ്രവാസി (കേരളീയന്‍) (ഭാരതം, 2എ) എന്നീ കാറ്റഗറിയിലുള്ളവര്‍ക്ക് 3000 രൂപയുമായിരിക്കും പെന്‍ഷന്‍ ലഭിക്കുക. ചുരുങ്ങങ്ങിയത് 8000 രൂപയെങ്കിലുമായി പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. നിലവിലെ വര്‍ദ്ധനവ് അപര്യാപ്തമാണെന്നും പ്രവാസി പെന്‍ഷന്‍ തുക കൂടുതലായി ഉയര്‍ത്തണമെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
അബൂഹൈല്‍ കെ എം സി സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ് ,ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ , ജില്ലാ വൈസ് പ്രസിഡന്റുമാരായ റഷീദ് ഹാജി കല്ലിങ്കാല്‍, സി എച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട് , റാഫി പള്ളിപ്പുറം ,ജില്ലാ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍ . ഹസൈനാര്‍ ബീജന്തടുക്ക , സലാം തട്ടാനിച്ചേരി , ഫൈസല്‍ മൊഹ്‌സിന് തളങ്കര ,കെ പി അബ്ബാസ് കളനാട് , തുടങ്ങിയവര്‍ പ്രസംഗിച്ചു
റഷീദ് ഹാജി കല്ലിങ്കാല്‍ പ്രാര്‍ത്ഥനയും സെക്രട്ടറി അഷ്റഫ് പാവൂര്‍ നന്ദിയും പറഞ്ഞു